Site icon Janayugom Online

അഞ്ച് വർഷത്തിനുള്ളിൽ അർഹരായവർക്കെല്ലാം പട്ടയം നൽകുക ലക്ഷ്യം: മുഖ്യമന്ത്രി

അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നത് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർപ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുകയെന്നതാണ് എൽഡിഎഫിന്റെ നയം. ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പാർപ്പിടം നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഭൂരഹിതർക്ക് വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നൽകുന്ന പദ്ധതി വിപുലീകരിക്കും. മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കർ കൃഷിഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തും. ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിന് തരിശുഭൂമി, മിച്ച ഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ എന്നിവ ഉപയോഗപ്പെടുത്തും. ഇത്തരത്തിൽ പാർശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കും. യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകാനും ക്ഷേമപദ്ധതികളിലെ അനർഹരെ കണ്ടെത്താനും സഹായകരമാകും. മിച്ചഭൂമിയും അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയും കണ്ടെത്തുന്നതിനുവേണ്ട നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നിസ്വരും ഭൂരഹിതരുമായവർക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാൻഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റൽ സർവേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി രൂപ റീബിൽഡ് കേരളയ്ക്ക് നൽകിക്കഴിഞ്ഞു. നാല് വർഷം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ യോഗ്യമായ കൂടുതൽ ഭൂമി സർക്കാരിലേയ്ക്ക് വന്നു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പട്ടയം നൽകിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയിൽ വിതരണം ചെയ്തത്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് സർവകാല റെക്കോഡായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : gov­ern­ment aim­ing to give deed to all deserv­ing says cm pinarayi vijayan

You may also like this video :

Exit mobile version