Site iconSite icon Janayugom Online

ചില ബിംബങ്ങൾ ഉപയോഗിച്ച് ഭരണകൂടം ജനത്തെ ഭിന്നിപ്പിക്കുന്നു: എസ് രാമചന്ദ്രന്‍ പിള്ള

ഇടതുപക്ഷ ജനാധിപത്യ ശക്തികൾ കൂടുതൽ കരുത്താർജ്ജിക്കാതെ രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുന്നതുൾപ്പെടെയുള്ള പ്രതിസന്ധികൾക്കും സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കും പരിഹാരം സാധ്യമാകില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോമാതാവ് പരിശുദ്ധമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി മോഡി ആവർത്തിക്കുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു. 21-ാം നൂറ്റാണ്ടാണെന്നും കാലം മാറിയെന്നും അവർ ഓർക്കുന്നില്ല. ചില ബിംബങ്ങൾ ഉപയോഗിച്ച് ഭരണകൂടം ജനത്തെ ഭിന്നിപ്പിക്കുകയാണ്.

എന്നാൽ, ബിജെപിയുടെ ഹിന്ദു രാഷ്ട്ര പ്രചാരണ വേലയെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് കോൺഗ്രസുകാർ ശ്രമിക്കുന്നത്. അമിതാധികാരവും കുടുംബാധിപത്യവും നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് ഇപ്പോൾ അപ്രസക്തമാണ്. അവർക്ക് ബിജെപിയെ നേരിടാൻ കഴിയില്ല. രാമചന്ദ്ര പിള്ള പറഞ്ഞു. മോഡി ഭരണത്തിൽ പാർലമെന്റ് ഭൂരിപക്ഷത്തിന്റെ തടവുപുള്ളിയായിരിക്കുന്നു. ഭരണനിർവഹണ സമിതിയുടെ തടവിലാണ് രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥ. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വിഷയങ്ങൾ സുപ്രീം കോടതിയിൽ ചർച്ചചെയ്യപ്പെടുന്നില്ല.തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വസ്തത നഷ്ടപ്പെടുന്ന നടപടികൾ ആവർത്തിക്കുന്നു.

ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാൻ ചൈന ശ്രമിക്കുമ്പോൾ ഇന്ത്യ ദാരിദ്ര്യം വളർത്തുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ലോകത്തെ ദാരിദ്ര്യം നേരിടുന്നതിൽ ചൈന ഒന്നാമതാണ്. ചൈന നേടിയ പുരോഗതി അമേരിക്കയ്ക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്നു. പല ലോകരാജ്യങ്ങളും ചൈനയ്ക്കെതിരേ സഖ്യമുണ്ടാക്കി. ഇന്ത്യ അടങ്ങുന്ന ഒരു സഖ്യത്തേയും ചൈനയെ തകർക്കാൻ ഉപയോഗിക്കുന്നു.

ലോകത്ത് ആകെയുള്ള ദരിദ്രരെ ഇല്ലാതാക്കാൻ ചൈനയുടെ സംഭാവന 70 ശതമാനമാണ്. എന്നാൽ ഇന്ത്യ ദാരിദ്ര്യം വളർത്തുകയാണ് ചെയ്യുന്നത്. ഇതിന് കാരണം നരേന്ദ്ര മോഡി സർക്കാരാണെന്നും രാമചന്ദ്ര പിള്ള ചൂണ്ടിക്കാട്ടി.

കോവിഡിൽ മുതലാളിത്തം നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. വാക്സിൻ വിറ്റ് പണമുണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ സൗജന്യ വാക്സിൻ നൽകി. മറ്റ് രാജ്യങ്ങളേയും സഹായിച്ചു.

ഇസ്രായേൽ പലസ്തീനിൽ എന്താണോ ചെയ്യുന്നത് അത് മോ‍ഡി സർക്കാർ ജമ്മു കശ്മീരിൽ ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; Gov­ern­ment divides peo­ple by using cer­tain images: S Ramachan­dran Pillai

you may also like this video;

Exit mobile version