Site iconSite icon Janayugom Online

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

ഓള്‍ ഇന്ത്യാ സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. കേരളാ ഹൗസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ ചൂഷണം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നതെന്നും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ ഭരണ നിര്‍വ്വഹണം നടത്തുന്നതിനെതിരെ പ്രതിഷേധം ഉയരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കരാര്‍ നിയമനത്തിലൂടെ തൊഴില്‍ സ്ഥിരത ഇല്ലാതാക്കി ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ അന്താരാഷ്ട്ര സാമ്പത്തിക കോര്‍പറേറ്റുകള്‍ക്ക് മുന്നിലും കീഴടങ്ങിയിരിക്കുകയാണ്. അമേരിക്കയുടെ ഇറക്കുമതിച്ചുങ്ക വിഷയത്തില്‍ അതുകൊണ്ടാണ് വാ തുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിസമ്മതിക്കുന്നതെന്നും അമര്‍ജിത് കൗര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ചിന് എഐഎസ്ജിഇസി പ്രസിഡന്റ് കൃതാര്‍ത്ഥ് സിങ്, ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, സിവില്‍ സർവീസ് സംരക്ഷിക്കുക, ദേശവ്യാപകമായി പെന്‍ഷന്‍ പ്രായം ഏകീകരിക്കുക, സംസ്ഥാനങ്ങളുടെ താല്പര്യം കൂടി സംരക്ഷിച്ച് പതിനാറാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മേയ് 20 ന് രാജ്യവ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കാന്‍ സംഘടനയുടെ ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി സി ആര്‍ ജോസ് പ്രകാശ് അറിയിച്ചു.
രാജേഷ് കുമാര്‍ സിങ്, എം എല്‍ സെഗാള്‍, തപസ് ത്രിപാഠി, ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, രഞ്ജിത് സിങ് രണ്‍വാര്‍, ജോയ് കുമാര്‍, മുഹമ്മദ് മഹ്ബൂബ്, കെ സെല്‍വരാജ്, ഡോ. നിര്‍മ്മല, ദുലീപ് ഉള്‍ത്താന, ഭാസ്‌കര പാണ്ഢ്യന്‍, ശംഭു സരണ്‍ ഠാക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

Exit mobile version