നടന്‍ സെയ്ഫ് അലി ഖാന്‍ അംഗമായ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടിയുടെ സ്വത്ത് ഏറ്റെടുക്കാൻ മധ്യപ്രദേശ് സർക്കാർ നീക്കം. 1968ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം കണ്ടുകെട്ടാന്‍ സംസ്ഥാന സർക്കാർ നല്‍കിയ നോട്ടീസിനെതിരെ ഏര്‍പ്പെടുത്തിയ സ്റ്റേ മധ്യപ്രദേശ് ഹൈക്കോടതി നീക്കി.
വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാൻ ‘ശത്രു സ്വത്ത്’ നിയമം അനുവദിക്കുന്നു. ഭോപ്പാല്‍ നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന നവാബ് ഹമീദുള്ള ഖാന്റെ മൂത്തമകള്‍ ആബിദ സുല്‍ത്താന്‍ 1950ല്‍ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു. നവാബ് ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്ത സാജിദയ്ക്കായിരുന്നു പിന്നീട് ഈ സ്വത്തിന്റെ ഉടമസ്ഥാവകാശം. സാജിദയുടെ ചെറുമകനാണ് സെയ്ഫ് അലി ഖാൻ. സ്വത്തിന്റെ ഒരു ഭാഗം പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചു. എന്നാൽ ആബിദ സുൽത്താൻ പാകിസ്ഥാനിലേക്ക് പോയത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സർക്കാർ ഇത് ശത്രു സ്വത്തായി പ്രഖ്യാപിച്ചത്.
മുംബൈ ആസ്ഥാനമായുള്ള എനിമി പ്രോപ്പർട്ടി കസ്റ്റോഡിയൻ ഓഫിസ് 2014ലാണ് ഭോപ്പാലിലെ നവാബിന്റെ ഭൂമി സർക്കാർ സ്വത്തായി പ്രഖ്യാപിച്ചത്. തുടർന്ന് പട്ടൗഡി കുടുംബം കോടതിയെ സമീപിച്ചു. 2019ൽ സാജിദ സുൽത്താനെ സ്വത്തിന്റെ നിയമപരമായ അവകാശിയായി കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ പുതിയ ഹൈക്കോടതി വിധിയോടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് വീണ്ടും അവസരമൊരുങ്ങി.
2024 ഡിസംബർ 13ന്, ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പട്ടൗഡി കുടുംബത്തോട് 30 ദിവസത്തിനുള്ളിൽ അപ്പീൽ അതോറിട്ടിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹൈക്കോടതി ഉത്തരവ് വ്യക്തമായതിനുശേഷം മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കുകയുള്ളൂ എന്ന് ഭോപ്പാൽ കളക്ടർ കൗശലേന്ദ്ര വിക്രം സിങ് പറഞ്ഞു.
കഴിഞ്ഞ 72 വർഷത്തെ ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കുമെന്ന് നേരത്തെ ഭോപ്പാൽ കളക്ടർ അറിയിച്ചിരുന്നു. ഈ ഭൂമിയിൽ താമസിക്കുന്ന വ്യക്തികളെ സംസ്ഥാന പാട്ട നിയമങ്ങൾ പ്രകാരം കുടിയാന്മാരായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ഇവിടെയുള്ള 1.5 ലക്ഷത്തോളം വരുന്ന താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ഭയവും ഇവർക്കുണ്ട്.
ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള സ്വത്തുവകകള്‍. സെയ്ഫിന്റെ ബാല്യകാല വസതിയായ ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂർ‑ഉസ്-സബാഹ് പാലസ്, ദാർ‑ഉസ്-സലാം, ഹബീബിയുടെ ബംഗ്ലാവ്, അഹമ്മദാബാദ് പാലസ് തുടങ്ങിയവ നോട്ടീസ് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

