Site iconSite icon Janayugom Online

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ കരുതല്‍

schoolschool

സംസ്ഥാനത്തെ സ്കൂളുകളില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പാക്കാന്‍ നടപടികളുമായി സര്‍ക്കാര്‍.പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് കൊഴിഞ്ഞുപോകുന്നത് പൂര്‍ണമായും ഒഴിവാക്കും. ഈ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നോട്ട് പോകുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പിന്തുണാ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. 

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. 2023- 24 വര്‍ഷത്തില്‍ കൊഴിഞ്ഞുപോയ കുട്ടികളുടെ പേര് വിവരങ്ങളും അതിന്റെ കാരണങ്ങളും ശേഖരിച്ച് കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കാനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കണം. ഈ അക്കാദമിക വര്‍ഷത്തില്‍ എസ്ടി വിഭാഗത്തില്‍ നിന്നും ചേരേണ്ട കുട്ടികളുടെ എണ്ണം വില്ലേജ് എജ്യൂക്കേഷന്‍ രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് അവര്‍ പ്രവേശനം നേടിയെന്ന് ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ ബിആര്‍സികളുടെ സഹകരണത്തോടെ ഈ മാസം 20നകം എന്‍റോള്‍മെന്റ് ക്യാമ്പയിന്‍ നടത്തണം. കൊഴിഞ്ഞുപോയ കുട്ടികള്‍ തിരികെ സ്കൂളിലേക്ക് എത്തുമ്പോള്‍ സ്പെഷ്യല്‍ ട്രെയിനിങ് സെന്റര്‍ മുഖേന ആവശ്യമായ അക്കാദമിക പിന്തുണ ലഭ്യമാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.

ട്രൈബല്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ട്രൈബല്‍ മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കണം. കുട്ടികള്‍ക്ക് മേയ് അവസാന വാരത്തോടെ പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവ ലഭിച്ചു എന്ന് ഉറപ്പു വരുത്തണം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഊരുകളില്‍ രക്ഷാകര്‍തൃ യോഗം ചേരുന്നതിനായി സ്പെഷ്യല്‍ ഗ്രാമസഭ/ ഊരുകൂട്ടം വിളിച്ചുചേര്‍ക്കണം. അധ്യാപക പരിശീലനത്തില്‍ ട്രൈബല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രത്യക പരിശീലനം നല്‍കണം. അക്കാദമിക മികവ് ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന സ്പെഷ്യല്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടിസ്ഥാനശേഷി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

ട്രൈബല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന സ്കൂളുകളില്‍ പ്രത്യേക പഠന പരിപോഷണ പരിപാടികള്‍ ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ സംഘടിപ്പിക്കണം. ഭാഷ, ഗണിതം, ശാസ്ത്രം എന്നിവക്കുള്ള അധിക പരിശീലനം സംഘടിപ്പിക്കണം. കുട്ടികള്‍ക്കായി മോട്ടിവേഷന്‍ പരിപാടികളും സംഘടിപ്പിക്കണം. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കണം. പഠന സ്ഥിതി വിലയിരുത്തി പ്രത്യേക പിന്തുണാ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഠനനിലവാരം സഹിതം സമ്പൂര്‍ണ പ്ലസ് പോര്‍ട്ടല്‍ വഴി രണ്ട് മാസത്തില്‍ ഒരിക്കല്‍ അവലോകനം ചെയ്യണം. എന്‍സിസി, എസ്‌പിസി, എന്‍എസ്എസ് മറ്റു ക്ലബ്ബുകള്‍ എന്നിവയില്‍ ട്രൈബല്‍ വിഭാഗത്തിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമാണ്. മഞ്ചാടി, മഴവില്ല് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തുകയും സാമൂഹ്യ പഠന മുറികളില്‍ കുട്ടികളുടെ ഹാജര്‍ ഉറപ്പാക്കുകയും വേണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: Gov­ern­men­t’s pro­vi­sion to ensure the edu­ca­tion of Sched­uled Tribe students

You may also like this video

Exit mobile version