Site iconSite icon Janayugom Online

സര്‍വകലാശാലാ കാമ്പസില്‍ ഗവര്‍ണറുടെ നിലമറന്ന കളി

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രകോപനപരമായി പെരുമാറുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈവിട്ട കളിക്ക്. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ രണ്ടുതവണ നടക്കാനെന്ന വ്യാജേനയിറങ്ങിയ ഗവര്‍ണര്‍ ആക്രോശവും വെല്ലുവിളികളുമായി നില മറന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രാജ്ഭവന്‍ അസാധാരണ വാര്‍ത്താക്കുറിപ്പിറക്കി. തെരുവില്‍ ഗുണ്ടയെന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. മാധ്യമങ്ങളെ വിളിച്ചുവരുത്തി അവയ്ക്കു മുന്നിലായിരുന്നു ഗവര്‍ണറുടെ നടപടികള്‍.

പ്രതിഷേധ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് നീക്കുകയും ചെയ്തു. രാവിലെ നടക്കാനിറങ്ങിയ ഗവര്‍ണര്‍ ഗസ്റ്റ് ഹൗസിനു മുന്നിലായി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ പൊലീസിനോടും വൈസ് ചാന്‍സലറോടും ആവശ്യപ്പെട്ടിരുന്നു. ഇത് വിസിയുടെ അധീനതയിലുള്ള കാര്യമാണെന്നതിനാല്‍ പൊലീസ് നടപടിയെടുത്തില്ല. എന്നാല്‍ താന്‍ ചാന്‍സലറാണെന്നും വിസിക്ക് മുകളിലാണെന്നും അദ്ദേഹം ആക്രോശിച്ചു. വൈകിട്ട് നടക്കാന്‍ ഇറങ്ങിയ സമയത്തും ബാനറുകള്‍ നീക്കിയിട്ടില്ലെന്ന് കണ്ട ഗവര്‍ണര്‍ മലപ്പുറം എസ്‌പിയോട് കയര്‍ത്തു. ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്‌പിയും പൊലീസുകാരും ചേര്‍ന്ന് മൂന്ന് ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു.

നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ വിസി എം കെ ജയരാജിനെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നെഴുതിയ ബാനറാണ് ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാല കാമ്പസില്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ നിരവധി ബാനറുകള്‍ സ്ഥാപിച്ചിരുന്നു. കുപിതനായ ഗവര്‍ണര്‍ ഉടനടി നീക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഗവര്‍ണര്‍ക്കനുകൂലമായി എബിവിപി സ്ഥാപിച്ച ബാനറുകള്‍ നീക്കാനാവശ്യപ്പെട്ടതുമില്ല. ബാനറുകള്‍ നീക്കാന്‍ അനുവദിക്കില്ലെന്നും ഒരു ബാനര്‍ നീക്കിയാല്‍ 100 ബാനറുകള്‍ ഉയര്‍ത്തുമെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

പ്രവേശനകവാടത്തിന് സമീപം പുതിയ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കാമ്പസില്‍ എബിവിപി സ്ഥാപിച്ച ബാനര്‍ കത്തിക്കുകയും ചെയ്തു. പ്രധാന കവാടം പൂര്‍ണമായും പൊലീസ് സുരക്ഷയിലാണ്. ഇന്ന് വൈകിട്ട് 3.30ന് കാലിക്കറ്റ് കാമ്പസില്‍ സനാതന ധര്‍മ്മപീഠം ആന്റ് ഭാരതീയ വിചാരകേന്ദ്രം ചെയര്‍ സെമിനാറിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും.

മുഖ്യമന്ത്രിക്കെതിരെ രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ അപകീര്‍ത്തികരമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമെന്ന് ആരോപിച്ച് രാജ്ഭവന്‍ അസാധാരണ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് കുറിപ്പില്‍ ആരോപിച്ചു.

കാമ്പസിനുള്ളില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഇത് സംഭവിക്കില്ല. മുഖ്യമന്ത്രിയുടെ ബോധപൂര്‍വമായ ഇത്തരം നടപടികള്‍ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്നാണ് രാജ്ഭവന്‍ പിആര്‍ഒയുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സദസിനോടനുബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവർണർമാർ അനുവർത്തിക്കേണ്ട സാധാരണ പ്രോട്ടോക്കോളുകളെല്ലാം അദ്ദേഹം ലംഘിക്കുകയാണ്. സ്ഥാനത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് സ്ഥിരം ഉണ്ടാകുന്നത്.

പ്രതിഷേധമുണ്ടാകുമ്പോൾ വാഹനത്തിൽ നിന്നും ഇറങ്ങി പ്രകോപനമുണ്ടാക്കുക എന്നത് ഗവർണർ പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യേണ്ട കാര്യമല്ല. അതിന് അംഗരക്ഷകരുണ്ട്. യൂണിവേഴ്സിറ്റി സെനറ്റംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. സെനറ്റംഗമാകാൻ ഗവർണർ കണ്ടെത്തിയ യോഗ്യത ആർഎസ്എസ് ആയിരിക്കുക എന്നത് മാത്രമാണ്. പ്രോട്ടോക്കോൾ ലംഘനം തുടരുന്ന ഗവർണറുടെ നടപടികൾ കേന്ദ്ര സർക്കാർ പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: gov­er­nor arif muhammed khan uni­ver­si­ty of calicut
You may also like this video

Exit mobile version