Site iconSite icon Janayugom Online

ആര്‍എസ്എസ് ഭാരതാംബ വിവാദം നിലപാട് മാറ്റി ഗവര്‍ണര്‍

രാജ്ഭവനിലെ ആര്‍എസ്എസ് ഭാരതാംബ വിവാദത്തില്‍ നിലപാട് മാറ്റി ഗവര്‍ണര്‍. രാജ്ഭവനില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കും. അതേസമയം, രാജ്ഭവന്‍ സംഘടിപ്പിക്കുന്ന മറ്റ് പരിപാടികളില്‍ ചിത്രത്തിന് മുന്നിലുള്ള പുഷ്പാര്‍ച്ചനയും നിലവിളക്ക് കൊളുത്തലും തുടരുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. തങ്ങളുടെ രാഷ്ട്രീയം സൂചിപ്പിക്കുന്ന എന്തെങ്കിലും അടിച്ചേല്പിക്കൽ ഗവർണറുടെ നിലപാടല്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം. 

സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയിലും സംഘ്പരിവാര്‍ അജണ്ട കുത്തിനിറയ്ക്കണമെന്ന് ഗവര്‍ണര്‍ ശാഠ്യം പിടിച്ചതോടെ കൃഷി വകുപ്പിന്റെ പരിസ്ഥിതിദിന പരിപാടി രാജ്ഭവനില്‍ നിന്ന് മാറ്റേണ്ടിവന്നിരുന്നു. ആര്‍എസ്എസ് വേദികളില്‍ മാത്രം ഉപയോഗിക്കുന്ന ചിത്രമാണ് ‘ഭാരതാംബ’യെന്ന പേരില്‍ ഗവര്‍ണര്‍ പൊതുപരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. കാവി പതാകയുള്‍പ്പെടെയുള്ളതും രാജ്യത്തിന്റെ ഭൂപടം പോലും തെറ്റായി വരച്ചുകൊണ്ടുള്ളതുമായ ചിത്രമാണ് ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്ഥാപിച്ചത്. 

ഈ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നത് പരിസ്ഥിതി ദിന പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കൃഷി മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടും മാറ്റാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ എന്തൊക്കെ വേണമെന്നത് സര്‍ക്കാരല്ല തീരുമാനിക്കുന്നതെന്നായിരുന്നു രാജ്ഭവനില്‍ നിന്നുള്ള അന്നത്തെ പ്രതികരണം.
ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നിലപാടിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരവിതരണം തുടങ്ങിയ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്ഭവന്‍ സ്വന്തമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഈ ചിത്രങ്ങള്‍ നിലനിര്‍ത്തും.

Exit mobile version