Site iconSite icon Janayugom Online

ഗവര്‍ണര്‍ ആര്‍എസ്എസ് കണ്ണട മാറ്റിവയ്ക്കണം: ബിനോയ് വിശ്വം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടന്ന വഴിയേ നടക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭരണഘടനയുടെ പാര്‍ട്ട് ആറിലെ 153 മുതല്‍ 167 വരെയുള്ള അനുച്ഛേദങ്ങള്‍ വായിച്ചാല്‍ ഗവര്‍ണര്‍മാരുടെ അധികാരവും പരിധിയും ആര്‍ലേക്കറിനെ പോലുള്ള പരിണിതപ്രജ്ഞരായ നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയും. അദ്ദേഹം വിമര്‍ശിക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി നേതാവിന്റെ കണ്ണട മാറ്റിവച്ച് ഗവര്‍ണറുടെ കണ്ണടയിലൂടെ അദ്ദേഹം കാര്യങ്ങളെ കാണുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ആരോഗ്യകരമായ കേന്ദ്ര — സംസ്ഥാന ബന്ധങ്ങള്‍ക്ക് കരുത്തുപകരാനാണ് ഗവര്‍ണര്‍ ശ്രമിക്കേണ്ടത്. സംസ്ഥാന നിയമസഭയുടെയും സുപ്രീം കോടതിയുടെയും മേല്‍ അധികാരമുള്ള ഒരു പദവിയാണ് ഗവര്‍ണറുടേത് എന്ന് ചിന്തിക്കുന്നതാണ് പ്രശ്നം. ആര്‍ലേക്കറിന് അത് മനസിലാക്കാനുള്ള ഭരണഘടനാ ബോധം ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version