Site iconSite icon Janayugom Online

ഗവര്‍ണറുടെ പകപോക്കല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരോടും

ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പട്ടികയിലെ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പൊതുഭരണ, ധന വകുപ്പുകളിലെ അഡീഷണൽ സെക്രട്ടറി വരെയുള്ള ഏഴുപേരുടെ പട്ടികയാണ് ഗവര്‍ണര്‍ നല്‍കിയത്. ബിജെപി നേതാവ്‌ വി വി രാജേഷ് ഗവർണർക്ക്‌ നൽകിയ പരാതിയുടെ പേരിലാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പ്രതികാര നടപടി.

ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടില്ലെന്ന് വെള്ളിയാഴ്‌ച ഗവർണര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നേതാവ് നല്‍കിയ പരാതി കൈമാറിയശേഷം, നടപടി എടുത്ത്‌ റിപ്പോർട്ട്‌ ചെയ്യാൻ ചീഫ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെടുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഏഴ്‌ ഉദ്യോഗസ്ഥരുടെ പേരും, സംഘടനാ ചുമതലയുമടക്കം പരാമർശിച്ചശേഷം, സെക്രട്ടേറിയറ്റ്‌ സർവീസിലെ നൂറോളം ജീവനക്കാർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്നാണ്‌ ബിജെപി നേതാവിന്റെ പരാതിയിലെ ആരോപണം. 

രാഷ്‌ട്രീയമായി സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തുവെന്നും ഗവർണറെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം മുഴക്കിയെന്നും പരാതിയിലുണ്ട്. രാജ്ഭവന്‍ മാര്‍ച്ച് നടക്കുന്നതിന് മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്നായിരുന്നു കെ സുരേന്ദ്രന്റെ ആവശ്യം. 

Eng­lish Summary:Governor’s revenge on Sec­re­tari­at staff
You may also like this video

Exit mobile version