Site iconSite icon Janayugom Online

എട്ടാം ക്ലാസില്‍ കുറഞ്ഞ മാർക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

എട്ടാം ക്ലാസില്‍ വിജയത്തിന് മിനിമം മാർക്ക് (30 ശതമാനം) നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷാഫലം പ്രഖ്യാപിച്ചു. 

30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷകർത്താക്കളെ അറിയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസുകള്‍ നടത്തും. രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസ്.
നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതി. 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം 30നും നടത്തും. ക്ലാസുകള്‍ നിരീക്ഷിക്കുന്നതിനും അർഹതപ്പെട്ട കുട്ടികൾക്ക് പരിഗണന ലഭിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇതുകൂടാതെ ബിആർസി, സിആർസി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഒമ്പതാം ക്ലാസില്‍ മുൻ വർഷത്തെ പോലെ സേ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്താകെ 3,136 സ്കൂളുകളിലാണ് എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടന്നത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം മുൻവര്‍ഷം വരെ എട്ടാം ക്ലാസില്‍ ഓൾ പ്രൊമോഷൻ ആയിരുന്നു. 

Exit mobile version