Site iconSite icon Janayugom Online

മിൽമ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്

മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്താൻ തത്വത്തിൽ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തിൽ വരുക. ദീർഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയും ക്ഷീരകർഷകരുടെ ആശ്രിതർക്ക് അർഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്.

 

സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ മിൽമ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മിൽമ മാനേജിങ് ഡയറക്ടർ സർക്കാരിന് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന് മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം നേടണമെന്നും ഉത്തരവിൽ പറയുന്നു. ക്ഷീരകർഷകരുടെ ആശ്രിതർക്ക് നിയമന സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

 

ഇതിലൂടെ കൂടുതൽ പേരെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കാനാകും. മിൽമയുടെ 45 വർഷത്തെ ചരിത്രത്തിനിടെ ഉണ്ടായ ഏറ്റവും വിപ്ലവകരമായ ഉത്തരവാണിത്. ഈ തീരുമാനത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷീര സഹകരണ സംഘങ്ങളിലെ അംഗങ്ങളായ കർഷകർക്ക് നേരത്തെ തന്നെ ഈ സംവരണാനുകൂല്യം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളിലെ എല്ലാ ക്ഷീരകർഷകരെയും ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് നിലവിലെ ഉത്തരവ്.

Exit mobile version