Site iconSite icon Janayugom Online

കുടിവെള്ള വിതരണത്തിന്റെ സ്വകാര്യവത്കരണത്തിൽ നിന്നും സർക്കാർ പിന്മാറണം: പ്രൊഫ എം കെ സാനു

സുന്ദര മുഖത്തോടെ വരുന്ന ഹിംസ്ര ഭാവമാണ് കുടിവെള്ള സ്വകാര്യവൽക്കരണത്തിനു വരുന്ന സൂയുസ് കമ്പനിയുടേത്. അതിനാൽ ജനങ്ങളുടെ താൽപര്യ പ്രകാരം ഈ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രൊഫ എം കെ സാനു ആവശ്യപ്പെട്ടു. കൊച്ചി കോർപ്പറേഷനിലെ കുടിവെള്ള വിതരണം എ ഡി ബി നിർദേശ പ്രകാരം അന്താരാഷ്ട്ര കുടിവെള്ള വിതരണ കമ്പനി സൂയിസൈനെ ഏൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടിവെള്ള സംരക്ഷണ സമിതി നേതൃത്വത്തിൽ എറണാകുളം സി അച്യുതമേനോൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളം മനുഷ്യന്റെ അവകാശമാണ്. അത് ലാഭം കിട്ടുന്ന കച്ചവടമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമിതി ചെയർമാൻ രംഗദാസ് പ്രഭു അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, സി ഐ ടി യു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സി പി ഐ മണ്ഡലം സെക്രട്ടറി പി എ ജിറാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഇ സർവായി കുട്ടി, സി ആർ നീലകണ്ഠൻ, റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കൻ, എഐടിയുസി യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം എം ജോർജ്ജ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, റാക്കോ പ്രസിഡന്റ് കുരുവിള മാത്യൂസ്, പി രാമചന്ദ്രൻ, കെ പി സാൽവിൻ, സാജു പോൾ എം.എൻ. ഗിരി, വി.ഡി മജീന്ദ്രൻ, പൊന്നമ്മ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. എഡ്രാക് ജനറൽ സെക്രട്ടറി പി.സി.അജിത്ത് കുമാർ പ്രമേയം അവതരിപ്പിച്ചു. ജനറൽ കൺവീനർ ടി ബി മിനി സ്വാഗതവും സുൽഫിക്കർ അലി നന്ദിയും പറഞ്ഞു. സെപ്തംബർ 30 ന് കൊച്ചി കോർപ്പറേഷനിലെ ഉപഭോക്താക്കളുടെ 50,000 ഒപ്പുകൾ ശേഖരിച്ച നിവേദനം ഈ സ്വകാര്യവൽക്കരണത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് സമർപ്പിക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു. 

Exit mobile version