Site iconSite icon Janayugom Online

മിഥുന്റെ മരണത്തിൽ കർശന നടപടിയുമായി സർക്കാർ, തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

കൊല്ലം തേവലക്കര ബോയ്സ് ഹൈസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി സര്‍ക്കാര്‍. സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് സ്കൂളിന്റെ താത്കാലിക ചുമതലയും നൽകി. 

മിഥുന്‍ കേരളത്തിന്റെ മകനാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്‌ലിസ്റ്റ് തയാറാക്കി തുടര്‍നടപടി എടുക്കും. ഉദ്യോഗസ്ഥ സംഘം സ്കൂളുകള്‍ സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version