Site iconSite icon Janayugom Online

പിഎസ്‍സി നിയമനം വർധിപ്പിക്കാൻ സർക്കാർ

സംസ്ഥാനത്ത് പിഎസ്‍സി വഴിയുള്ള നിയമനം ഉയര്‍ത്താനുള്ള നടപടികളുമായി സർക്കാർ. 2025 ജനുവരി മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികകളിലും ഉണ്ടാകുവാൻ സാധ്യതയുള്ള ഒഴിവുകള്‍ ഈമാസം 25ന് മുമ്പ് എല്ലാ വകുപ്പ് തലവന്മാരും നിയമനാധികാരികളും പിഎസ്‍സിയെ അറിയിക്കാൻ ഉദ്യോഗസ്ഥ, ഭരണപരിഷ്കാര വകുപ്പ് നിര്‍ദേശിച്ചു. ഒഴിവുകൾ ഇല്ലെങ്കിൽ അക്കാര്യവും കൃത്യമായി പിഎസ്‍സിയെ അറിയിക്കണം.
വിവിധ വകുപ്പുകളിൽ ഡ്രൈവർ/ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ യഥാർത്ഥ ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്താല്‍ മതിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഒരു ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ ഏത് ജില്ലയിലാണ് എൻട്രി കേഡറിലെ ഒഴിവെന്നത് പിഎസ്‍സിയെ അറിയിക്കണം. തസ്തികമാറ്റം, അന്തർജില്ലാ/അന്തർ വകുപ്പ് സ്ഥലംമാറ്റം, ആശ്രിത നിയമനം എന്നിവയ്ക്കായി ഒഴിവുകൾ നീക്കിവയ്ക്കണം. ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം/സ്ഥലംമാറ്റം എന്നിവയിലൂടെ നികത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

ജനറൽ, സ്പെഷ്യല്‍ റിക്രൂട്ട്മെന്റു് ഒഴിവുകളും തരംതിരിച്ച് റിപ്പോർട്ട് ചെയ്യണം, ആറുമാസമോ കൂടുതലോ ദൈർഘ്യമുള്ള അവധി, ഡെപ്യൂട്ടേഷൻ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കണം, മൂന്ന് മുതൽ ആറ് മാസം വരെയുള്ള അവധി ഒഴിവും പിഎസ്‍സിയെ അറിയിക്കണം, ആറ് മാസം ദൈർഘ്യമുള്ള പ്രസവാവധി ഒഴിവുകൾ അറിയിക്കേണ്ടതില്ല. പ്രസവാവധി ആറ് മാസത്തിലധികമാവുകയും പുതിയ ഒഴിവുകൾക്ക് സാധ്യതയുണ്ടായാലും പിഎസ്‍സിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

റാങ്ക് ലിസ്റ്റുള്ളപ്പോൾ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും അതില്‍ നിന്ന് നികത്തണം. ജോലിയിൽ പ്രവേശിക്കാത്തതിനാലുള്ള (എൻജെഡി) ഒഴിവുകള്‍ യഥാസമയം അറിയിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ ദിവസക്കൂലി/കരാർ നിയമനങ്ങള്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2.65 ലക്ഷം പേർക്കാണ് നിയമനം ലഭിച്ചത്. ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 31,000 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. 

Exit mobile version