ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ അളവിൽ. ഗോതമ്പിന്റെ ലഭ്യതയിൽ വന്ന കുറവാണ് ഇതിന് കാരണം. 2020 വർഷത്തേതിലും കൂടുതൽ അരി നിലവിൽ സ്റ്റോക്കുണ്ടെങ്കിലും ഉല്പാദനം കുറഞ്ഞാൽ ഈ ശേഖരവും കുറയും. ഏറ്റവും പുതിയ കണക്ക് പ്രകാരം ഓഗസ്റ്റ് മാസം തുടക്കത്തില്‍ അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ 2017 ൽ മാത്രമാണ് ഈ കണക്ക് 499.77 ലേക്ക് താഴ്ന്നിട്ടുള്ളത്.
അരിയുടെ കണക്കെടുത്താൽ 279.52 ലക്ഷം ടൺ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ് 253.40 ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ലക്ഷം ടൺ കുറവാണ് ഈ വർഷം. കേന്ദ്ര സർക്കാർ ധാന്യ ശേഖരത്തിൽ നിന്ന് ഗോതമ്പിന്റെ വിതരണം കുറച്ച് പകരം അരി വിതരണം കൂട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ക്ഷാമം രൂക്ഷമായാൽ ബസ്മതിയല്ലാത്ത അരികളുടെ കയറ്റുമതി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന.
English Summary:Grain stocks at five-year low
You may also like this video