Site iconSite icon Janayugom Online

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി: കേന്ദ്ര വാദം അസത്യം

ആന്‍ഡമാന്‍ ദ്വീപിലെ ഗ്രേറ്റ് നിക്കോബാര്‍ വികസന പദ്ധതിക്കായി വെട്ടിവീഴ്ത്തുക ഒരു കോടി വൃക്ഷങ്ങള്‍. അന്താരാഷ്ട്ര തുറമുഖം, ടൗണ്‍ഷിപ്പ്, വൈദ്യുതി നിലയം, വിമാനത്താവളം എന്നിവ നിര്‍മ്മിക്കുന്നതിനായി ആവിഷ്കരിച്ചതാണ് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി. 

ഇതിനായി 8.5 ലക്ഷം വൃക്ഷങ്ങള്‍ വെട്ടിമാറ്റേണ്ടി വരുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു കോടി വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് പരിസ്ഥിതി ശാസ്ത്ര‍ജ്ഞര്‍ പറയുന്നു. പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്ര പരിസ്ഥിത്ഥി വകുപ്പ് 2022ല്‍ പ്രഖ്യാപിച്ചത് 130.75 ഹെക്ടര്‍ പ്രദേശത്തെ 8.5 ലക്ഷം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നായിരുന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകമ്പോള്‍ ഒരു കോടി വൃക്ഷങ്ങള്‍ ദ്വീപില്‍ നിന്ന് നാമാവശേഷമാകുമെന്ന് ശാസ്ത്ര‍ജ്ഞര്‍ വിലയിരുത്തുന്നു. 

കേന്ദ്ര സര്‍ക്കാര്‍ വാദം അസത്യമാണ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കും യഥാര്‍ത്ഥ എണ്ണവും തമ്മില്‍ പൊരുത്തക്കേടുണ്ട്. നിബിഡ വനമേഖലയിലെ പദ്ധതിയില്‍ ഏക്കര്‍ അടിസ്ഥാനത്തില്‍ 130 വൃക്ഷങ്ങള്‍ വെട്ടിമാറ്റിയാല്‍ 8.5 ഹെക്ടര്‍ പ്രദേശത്ത് നിന്ന് ഒരു കോടി മരങ്ങള്‍ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടാകും. ഇത് ദ്വീപിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. കണ്ടല്‍ പ്രദേശങ്ങള്‍ അടക്കമുള്ള മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിസ്ഥിതിക്കും കാലാവസ്ഥ വ്യതിയാനത്തിനും ദോഷം വരുത്തും.

നിബിഡ വനത്തിലെ വൃക്ഷങ്ങളുടെ എണ്ണം കണക്കാക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഗുരുതരമായ പിഴവ് സംഭവിച്ചു. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം വനവല്‍ക്കരണം നടത്തുമെന്ന വിഷയത്തിലും മന്ത്രാലയം മൗനം പാലിക്കുകയാണ്. പദ്ധതി നടപ്പിലായാല്‍ രാജ്യത്തിനും ദ്വീപിനുംഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും പരിസ്ഥിതി ശാസ്ത്ര‍ജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version