Site iconSite icon Janayugom Online

കാര്യവട്ടത്ത് ഗ്രീന്‍ലൈറ്റ്; ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്, എട്ട് വിക്കറ്റ് വിജയം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം വനിതാ ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. അഞ്ച് മത്സര പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്മൃതി മന്ദാനയെ ഒരു വശത്ത് നിര്‍ത്തി ഷഫാലി വര്‍മ്മ വെടിക്കെട്ടിന് തിരികൊളുത്തി. എന്നാല്‍ സ്കോര്‍ 27ല്‍ നില്‍ക്കെ സ്മൃതിയെ നഷ്ടമായി. ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാനായത്. മൂന്നാമതായി ജെമീമ റോഡ്രിഗസ് എത്തി. ഷഫാലി സ്കോര്‍ അതിവേഗം ചലിപ്പിച്ചു. 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 50ലെത്തി. പിന്നാലെ 24 പന്തില്‍ ഷഫാലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. സ്കോര്‍ 67ല്‍ നില്‍ക്കെ ജെമീമ മടങ്ങി. 15 പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ താരത്തിനായുള്ളു. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെ കൂട്ടുപിടിച്ച് ഷഫാലിന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഷഫാലി 42 പന്തില്‍ 79 റണ്‍സും ഹര്‍മന്‍ 18 പന്തില്‍ 21 റണ്‍സുമായും പുറത്താകാതെ നിന്നു.

ഭേദപ്പെട്ട തുടക്കത്തിന് ശേഷമാണ് ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 25 റണ്‍സ് ചേര്‍ത്തു. പിന്നാലെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ചമരി അത്തപട്ടുവിനെ ദീപ്തി ശര്‍മ്മ, ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ചു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കയെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ രേണുക രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍ഷിത സമരവിക്രമ (2), ഹസിനി പെരേര (25) എന്നിവരെയാണ് രേണുക പുറത്താക്കിയത്. തുടര്‍ന്ന് നിലക്ഷിക സില്‍വ (4) കൂടി മടങ്ങിയതോടെ നാലിന് 45 എന്ന നിലയിലായി ലങ്ക. പിന്നീട് ദുലനി — കവിഷ ദില്‍ഹാരി സഖ്യം 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 85ല്‍ നില്‍ക്കെ കവിഷയെ പുറത്താക്കി ദീപ്തി ശര്‍മ്മ ഈ കൂട്ടുകെട്ട് പൊളിച്ചു. കവിഷ 13 പന്തില്‍ 20 റണ്‍സെടുത്തു.

18-ാം ഓവറിനരികെയാണ് സ്കോര്‍ 100 പിന്നിട്ടത്. പിന്നീടെത്തിയവരില്‍ കൗഷാനി നുത്യാന്‍ഗനയാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റര്‍. താരം 16 പന്തില്‍ 19 റണ്‍സെടുത്തു. നാല് വിക്കറ്റ് നേടിയ രേണുക സിങ് ഠാക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയുമാണ് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയത്.
ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗദ്, രേണുക സിംഗ് താക്കൂര്‍, ശ്രീ ചരണി. ശ്രീലങ്ക: ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിമിഷ മധുഷാനി, കവിഷ ദില്‍ഹാരി, നീലക്ഷിക സില്‍വ, ഇമേഷ ദുലാനി, കൗശാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), മല്‍ഷ ഷെഹാനി, ഇനോക രണവീര, മല്‍കി മദാര.

Exit mobile version