കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് ചരക്ക് സേവന നികുതി (ജിഎസ‍്ടി) നിരക്കുകള്‍ പരിഷ്കരിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവേറും.നാളെ മുതല്‍ 1,200 ഉല്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.
അച്ചടിച്ച പുസ്‍തകങ്ങള്‍, സ‍്കൂള്‍ ബാഗുകള്‍, പേനകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ പരിഷ്‍കരണ പട്ടികയിലുണ്ട്. മുമ്പ് വ്യത്യസ‍്ത നിരക്കുകളില്‍ നികുതി ചുമത്തിയിരുന്ന ബോള്‍പോയിന്റ് പേനകള്‍, ഫൗണ്ടന്‍ പേനകള്‍, മാര്‍ക്കറുകള്‍, മറ്റ് എഴുത്ത് ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ 18% സ്ലാബില്‍, ഒന്‍പത് ശതമാനം കേന്ദ്ര ജിഎസ‍്ടിയും ഒന്‍പത് ശതമാനം സംസ്ഥാന ജിഎസ്‍ടിയുമാണുള്ളത്. സ്‍കൂള്‍ ബാഗുകള്‍, സ്യൂട്ട്കേസുകള്‍, സംഗീത ഉപകരണങ്ങളുടെ കവറുകള്‍, യാത്രാ ബാഗുകള്‍ എന്നിവയും ഇതേ വിഭാഗത്തിലാണ്. അച്ചടിച്ച പുസ്‍തകങ്ങളില്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ക്ക് 18% നിരക്ക് ഏര്‍പ്പെടുത്തി. ഇതോടെ പുസ‍്തകവില ഉയരുമെന്ന ആശങ്കയുണ്ട്. അധ്യാപകരും തയ്യല്‍ക്കാരും ഉപയോഗിക്കുന്ന ചോക്കിന്റെ ജിഎസ‍്ടി 12%ത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചത് കൊണ്ട് ബിസിനസുകാര്‍ക്ക് വിലനിര്‍ണയം ക്രമീകരിക്കാനും സംരംഭങ്ങളുടെ മൂലധന ചെലവ് ആസൂത്രണം ചെയ്യാനും, വിതരണ ശൃംഖലകള്‍ പുനഃക്രമീകരിക്കാനും സമയം ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. നിരക്ക് യുക്തിസഹമാക്കിയതിന്റെ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് ഏണസ്റ്റ് ആന്റ് യങ് ഏജന്‍സിയുടെ ഇന്ത്യയിലെ പ്രതിനിധി സൗരഭ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ചെലവ് വര്‍ദ്ധനവ് കുടുംബങ്ങള്‍ക്ക് ആശങ്കയാണെങ്കിലും നിരക്കുകള്‍ യുക്തിസഹമാക്കിയത് നിയമപരമായ ഉറപ്പ് നല്‍കുകയും തര്‍ക്കങ്ങള്‍ കുറയ്ക്കുയും ചെയ്യുമെന്ന് വിദഗ്ധര്‍ കരുതുന്നു. 28 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും സമയപരിധിക്ക് മുമ്പായി പുതിയ നിരക്കുകള്‍ അറിയിക്കുമെന്ന് കരുതുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ഭാരമായി ജിഎസ‍്ടി; ബാഗ്, പേന, പുസ‍്തകങ്ങള്‍ എന്നിവയ്ക്ക് വിലകൂടും

