ആശുപത്രിവാസത്തിന് ചുമത്തിയ ജിഎസ്‍ടി ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും. ചരക്ക് സേവന നികുതിയിൽ നിന്നും ആരോഗ്യരംഗത്തെ ഒഴിവാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. നിലവിൽ മുറിവാടകയ്ക്ക് നികുതി ഏർപ്പെടുത്തിയത് ഭാവിയിൽ മറ്റ് ആരോഗ്യ സേവനങ്ങളിലേക്കും ബാധകമാക്കുമോ എന്ന ആശങ്കയും അവർ പങ്കുവച്ചു. ആശുപത്രിയിലെ 5000 രൂപയിൽ കൂടുതൽ വരുന്ന മുറിവാടകയ്ക്ക് (ഐസിയു ഒഴികെ) അഞ്ച് ശതമാനം നികുതി ഈടാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
2017 നവംബറിൽ ജിഎസ്‍ടി കൗൺസിൽ പൊതു ധനസഹായമുള്ള ഗവേഷണ സ്ഥാപനങ്ങളിലും ലബോറട്ടറികളിലും ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾക്ക് ജിഎസ്‌ടി നിരക്ക് ഇളവ് നല്കിയിരുന്നു. പുതിയ നികുതി ജനങ്ങളുടെ ചികിത്സാചെലവ് വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മലാ സീതാരാമന് കത്തയച്ചിരുന്നു.
ഇതുവരെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കും കൂടുതൽ നികുതി ഈടാക്കുന്നതിന് മുന്നോടിയാണോ പുതിയ നീക്കമെന്ന് ഈ രംഗത്തുള്ളവർ ആശങ്കപ്പെടുന്നു. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയാണ് ദീർഘകാല പരിഹാരം എന്ന് വിദഗ്ധർ പറയുന്നു.
ആരോഗ്യ സംരക്ഷണത്തിനുള്ള ബജറ്റ് തുക വർധിപ്പിക്കുക, സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം, ഡോക്ടർ, നഴ്‌സ്-രോഗി അനുപാതം എന്നിവ വർധിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോ ടെക്നോളജിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അമിത് തുലി തീരുമാനം പിൻവലിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കണമെന്ന് ഫണ്ടിങ് ഏജൻസികളോട് ട്വീറ്റിൽ ആവശ്യപ്പെട്ടു.
English Summary:GST in hospitals: Health experts worried
You may also like this video