ചരക്കു സേവന നികുതി (ജിഎസ്‌ടി)യുടെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ കോടികളുടെ കൊള്ള. പഞ്ചനക്ഷത്ര ആശുപത്രികളടക്കം 993 വന്‍കിട ആശുപത്രികളും നൂറുകണക്കിന് മറ്റ് സ്വകാര്യ ആശുപത്രികളുമാണ് സ്വകാര്യമേഖലയിലുള്ളത്. ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികളുടെയും കുടുംബങ്ങളുടെയും അജ്ഞത മുതലെടുത്താണ് ഈ കൊള്ള. അത്യപൂര്‍വമായി കണ്ടുപിടിക്കപ്പെട്ടാല്‍ നിയമവിധേയമായ ജിഎസ്‌ടി പോലും വേണ്ടെന്നുവയ്ക്കുന്ന ആശുപത്രി അധികൃതരുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജിഎസ്‌ടി വേണ്ടെന്നു മാത്രമല്ല, ഭീമമായ ബില്ലിന്റെ വലിയൊരു ഭാഗം സബ്സിഡിയായി നല്കാമെന്നും ഈ വിവരങ്ങള്‍ പുറത്തുപറയരുതെന്ന പ്രലോഭനവും അഭ്യര്‍ത്ഥനയും ഈ ശബ്ദരേഖയിലുണ്ട്.
ചികിത്സാനന്തരമോ മരണാനന്തരമോ രോഗികളുടെ കുടുംബത്തിന് നല്കുന്ന മൊത്തം ബില്‍ തുകയ്ക്കാണ് ഈ ആശുപത്രികള്‍ 18 ശതമാനം ജിഎസ്‌ടി ചുമത്തുന്നത്. ഇത് നിയമവിരുദ്ധമണ്. ജിഎസ്‌ടി നല്‍കണമെന്ന് ചില കാര്യങ്ങളില്‍ മാത്രമാണ് നിബന്ധനയുള്ളത്. 5000 രൂപ വരെയുള്ള ആശുപത്രി മുറി വാടകയ്ക്ക് അഞ്ച് ശതമാനം മാത്രമാണ് ജിഎസ്‌ടി. തട്ടിപ്പു നടത്തുന്നത് ഇവിടെ നിന്നാണ്. രോഗിയെ പ്രവേശിപ്പിച്ചാല്‍ ഒന്നോ രണ്ടോ ദിവസം 5000 രൂപ വാടകയുള്ള മുറിയില്‍ കിടത്തിയാകും ചികിത്സ. പിന്നീട് രോഗിയെ അതേ സൗകര്യങ്ങള്‍ മാത്രമുള്ള മറ്റൊരു മുറിയിലേയ്ക്ക് മാറ്റും. വാടക 7000 മുതല്‍ 10,000 രൂപ വരെയും 18 ശതമാനം ജിഎസ്‌ടിയും ഈടാക്കും. മുറി വാടകക്കൊള്ളയ്ക്കു പുറമെ വമ്പന്‍ ജിഎസ്‌ടിയും. പിന്നീട് ഏറെ വൈകാതെ രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്കും കാര്‍ഡിയാക് കെയര്‍ യൂണിറ്റിലേക്കും വെന്റിലേറ്ററിലേക്കുമായി തട്ടിക്കളിക്കുന്നു. ഈ വിഭാഗങ്ങളെയെല്ലാം കൂറ്റന്‍ വാടകയുള്ള അത്യാധുനിക സൗകര്യമുള്ള ഡീലക്സ് മുറികളായാണ് രേഖപ്പെടുത്തുക.
നിയമാനുസൃതമായി വെന്റിലേറ്ററിനും തീവ്ര പരിചരണ വിഭാഗത്തിനും കാര്‍ഡിയാക് കെയര്‍ യൂണിറ്റിനും നവജാത ശിശു വിഭാഗത്തിനും ജിഎസ്‌ടി ഇല്ല. ഇവയെല്ലാം സൂപ്പര്‍ ലക്ഷ്വറി മുറികളായി രേഖപ്പെടുത്തിയാവും വാടക – ജിഎസ്‌ടി കൊള്ള. ശസ്ത്രക്രിയകള്‍ക്കും രോഗിക്ക് നല്കുന്ന മരുന്നുകള്‍ക്കും ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കും ജിഎസ്‌ടി ഇല്ല. എന്നാല്‍ ശസ്ത്രക്രിയയ്ക്കുള്ള പഞ്ഞി, നൂല്‍, ഓപ്പറേഷന്‍ തിയേറ്ററിലെ വൈദ്യുതി എന്നിവയടക്കമുള്ള എല്ലാ സന്നാഹങ്ങള്‍ക്കും വന്‍ ഫീസ് ഈടാക്കി ജിഎസ്‌ടി ചുമത്തുന്ന കൊള്ളയും വ്യാപകം. മുറിവാടകയ്ക്കാകട്ടെ പരമാവധി 12 ശതമാനം വരെ മാത്രമേ ജിഎസ്‌ടി ഈടാക്കാവൂ എന്നുണ്ട്. പക്ഷേ ഈടാക്കുന്നത് 18 ശതമാനം വരെ. 2017ല്‍ ചരക്കു സേവന നികുതി നിലവില്‍ വന്നശേഷം ആശുപത്രി ചെലവുകള്‍ക്കുള്ള നികുതികള്‍ ഭേദഗതിയില്ലാതെ തുടരുന്നുവെങ്കിലും സ്വകാര്യ ആശുപത്രികള്‍ ചരക്കു സേവന ചട്ടങ്ങളില്‍ സ്വയം ഭേദഗതി നടത്തുന്ന പ്രവണത വ്യാപകം.
ജിഎസ്‌ടി ചുമത്തേണ്ട വിഭാഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ബില്ലാണ് നല്കേണ്ടത്. എന്നാല്‍ ഭീമമായ ശസ്ത്രക്രിയാ ചികിത്സാ ബില്ലുകളുമായി കൂട്ടിക്കുഴച്ച് മൊത്തം തുകയ്ക്ക് ജിഎസ്‌ടി ഏര്‍പ്പെടുത്തുന്ന പതിവ് രീതിയാണുള്ളത്. രോഗിക്ക് നല്കുന്ന ജിഎസ്‌ടിയടക്കമുള്ള ഈ വമ്പന്‍ ബില്ലുകള്‍ നല്കുമ്പോള്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന ബില്ലുകളില്‍ നിയമപരമായി ജിഎസ്‌ടി ഈടാക്കിയ രേഖകള്‍ മാത്രമാണുണ്ടാവുക. ഈ ഇരട്ട ബില്‍ തട്ടിപ്പു കണ്ടുപിടിക്കാന്‍ ജിഎസ്‌ടി അധികൃതര്‍ പരിശോധനകള്‍ നടത്തിയാല്‍ മതിയാകും. എന്നാല്‍ തട്ടിപ്പുകണ്ടെത്തുന്നതിനുള്ള പരിശോധനകളും റെയിഡുകളും സ്വകാര്യ ആശുപത്രികളില്‍ നടക്കാറേയില്ല.
English Summary: GST loot in private hospitals
You may also like this video