ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ രാജി തുടങ്ങി.
ഗുജറാത്ത് മുൻ മന്ത്രി ജയനാരായണൻ വ്യാസ് ബിജെപിയിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണ് എന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിന് അയച്ച രാജിക്കത്തില്‍ ജയനാരായണന്‍ വ്യാസ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ സൂചന നല്‍കി. സംസ്ഥാനത്ത് ബിജെപി കെട്ടിപ്പടുത്ത നേതാക്കളിലാരാളാണ് 75 കാരനായ വ്യാസ്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് നേതാവിന്റെ കൂടുമാറ്റം. എഐസിസി സെക്രട്ടറി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജിവയ്ക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നല്‍കിയ കത്തില്‍ വ്യാസ് അറിയിച്ചു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയാല്‍ ഡല്‍ഹി മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വെളിപ്പെടുത്തി. എഎപി വിട്ട് പുറത്തുവന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് മനീഷ് സിസോദിയക്ക് ബിജെപി വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം അത് തള്ളിയപ്പോള്‍ തന്നെ സമീപിച്ചുവെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കെജ്‍രിവാള്‍ പറഞ്ഞു.
ഗുജറാത്തിലും ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
തെലങ്കാനയിലെ സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോ തെളിവുകളടക്കം അടുത്തിടെ പുറത്തുവന്നിരുന്നു.
അതേസമയം ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പി എ ദേവേന്ദ്ര ശർമയുടെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ശര്‍മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വിശദീകരിച്ചു.
English Summary: Gujarat: BJP and Congress resign
You may also like this video