ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലടിച്ചു. വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ മറ്റൊരു ഗുണ്ടാസംഘമെത്തി മർദിച്ചു. പിന്നാലെയുണ്ടായ കൂട്ടത്തല്ലിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്. തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്ന് പുലർച്ചയായിരുന്നു സംഭവം.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തില്‍ കലാശിച്ചത്. ബുള്ളറ്റില്ലാത്ത തോക്ക് ചൂണ്ടിയാണ് വിഷ്ണു മറ്റുള്ളവരെ ഭയപ്പെടുത്തിയത് എന്നാൽ എതിർ സംഘത്തിലുള്ളവർ ഇത് തിരിച്ചറിഞ്ഞതോടെ വലിയ കൂട്ടത്തല്ലിൽ സംഭവം കലാശിക്കുകയായിരുന്നു. എതിരെ നിൽക്കുന്നവർ വിഷ്ണുവിന്റെ തല പട്ടികയ്ക്ക് അടിച്ചു തകർത്തു. റിവോൾവർ പൊലീസ് പിടിച്ചെടുത്തു.

