Site iconSite icon Janayugom Online

പാതിവില തട്ടിപ്പ് കേസ് : അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ സ്ഥാപനത്തില്‍ പരിശോധന

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ ഉടമസ്ഥയയിലുള്ള കടവന്ത്രയിലെ സ്ഥാപനത്തില്‍ ഇന്നും പരിശോധന. ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങൾ ശേഖരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ ബീ വെഞ്ച്വേഴ്സ് എന്ന കടവന്ത്രയിലെ സ്ഥാപനത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടോമി സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ പരിശോധന. 

കഴിഞ്ഞ ദിവസം നടന്ന പരിശോധനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ക്രൈംബ്രാഞ്ച് റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കൂടുതല്‍ വിശദാംശങ്ങൾ ശേഖരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. പാതിവിലയ്ക്ക് സ്ക്കൂട്ടര്‍ നല്‍കുന്ന വിമന്‍ ഓണ്‍ വീല്‍സ് പദ്ധതിയുടെ ആസൂത്രണം നടന്നത് കടവന്ത്രയിലെ ഈ സ്ഥാപനത്തില്‍വെച്ചാണെന്ന് കണ്ടെത്തിയിരുന്നു.സോഷ്യല്‍ ബീ വെഞ്ച്വേഴ്സിന്‍റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടിയോളം രൂപ നേരത്തെ പോലീസ് മരവിപ്പിച്ചിരുന്നു.ഇതുള്‍പ്പടെ അനന്തുവിന്‍റെ 21 അക്കൗണ്ടുകളാണ് ഇതിനകം മരവിപ്പിച്ചിരിക്കുന്നത്.അനന്തുകൃഷ്ണന്‍ തുക കൈമാറിയവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്.

500 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.എറണാകുളം ജില്ലയില്‍ 34 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.ഓഫീസുകളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലുടന്‍ അനന്തുകൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം

Exit mobile version