Site iconSite icon Janayugom Online

പാതിവില തട്ടിപ്പ്: ആനന്ദകുമാര്‍ അറസ്റ്റില്‍

പാതിവില തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും സായിഗ്രാമം എക്സിക്യൂട്ടിവ്​ ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച്​ അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു പൊലീസ് നടപടി. 

ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച്​ സംഘം ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലെത്തി. എന്നാൽ, ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആനന്ദകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന് കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കോടികള്‍ തട്ടിയ കേസില്‍ ഒന്നാംപ്രതിയായ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

വ്യക്തിപരമായി താൻ പണം കൈപ്പറ്റിയിട്ടില്ലെന്നും ട്രസ്റ്റിന്റെ പേരിൽ കൈപ്പറ്റിയ പണത്തിന്​ കൃത്യമായി നികുതി ഒടുക്കിയതിന്റെ രേഖകളു​ണ്ടെന്നുമായിരുന്നു ആനന്ദകുമാറിന്റെ വാദം. തട്ടിപ്പിനെക്കുറിച്ച്​ ആനന്ദകുമാറിന്​ അറിയാമായിരുന്നെന്നും ഇത്രയും പേർ വെറുതെ പണം കൊടുക്കില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്​ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
കണ്ണൂരിൽ കേസ്​ രജിസ്റ്റർ ചെയ്ത ഉടനെ ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയതിനാല്‍ അറസ്റ്റിനോ ചോദ്യം ചെയ്യലിനോ കഴിഞ്ഞിരുന്നില്ല. എൻഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റ്​ ആനന്ദകുമാറിന്റെ വസതിയിലും സായിഗ്രാം ഓഫിസിലും പരിശോധന നടത്തിയിരുന്നു. 

Exit mobile version