Site iconSite icon Janayugom Online

ഹംപി കൂട്ടബലാത്സംഗം: മൂന്നാം പ്രതിയും പിടിയില്‍

കർണാടക ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ മൂന്നാമത്തെ പ്രതിയും പിടിയില്‍. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്നലെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. 

വ്യാഴാഴ്ച രാത്രി 11.30ഓടെ ഹംപിക്കടുത്ത് സനാപൂർ തടാകത്തിന് സമീപമാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം നടന്നത്. 27കാരിയായ ഇസ്രയേലിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരിയും 29കാരിയായ ഹോം സ്റ്റേ ഓപ്പറേറ്ററെയും അക്രമി സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവര്‍ വിനോദ സഞ്ചാരികളുടെ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഡാനിയലും പങ്കജും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബിബാഷിന്റെ മൃതദേഹം കനാലില്‍ നിന്നും കണ്ടെടുത്തു. 

സംഭവത്തില്‍ ഇരകളുടെ രാജ്യത്തെ എംബസികളെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ആവശ്യമായ സഹായം സർക്കാർ പരിശോധിച്ചുവരികയാണ്. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാൽ, അവരുടെ സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. 

Exit mobile version