ഇഡലി തട്ടില്‍ കുടുങ്ങിയ കുട്ടിയുടെ വിരല്‍ 90 മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്ത് അഗ്നിശമന സേനാംഗങ്ങള്‍. തൃശ്ശൂരിലാണ് സംഭവം. അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരി ഇഡലി തട്ടിലേക്ക് വിരല്‍ കയറ്റുകയായിരുന്നു. മാതാപിതാക്കള്‍ വിരല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് അഗ്നിശമനാംഗങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടിയുടെ വിരലില്‍ മുറിവുണ്ടാകാതിരിക്കാന്‍ വെള്ളമൊഴിച്ച ശേഷം ഒരു കട്ടര്‍ ഉപയോഗിച്ച് തട്ട് നീക്കം ചെയ്യുകയായിരുന്നു. കുട്ടിയുടെ ശ്രദ്ധ തിരിയ്ക്കാനായി കാര്‍ട്ടൂണുകളും കാണിച്ചു.
ഏകദേശം 90 മിനിറ്റ് നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ യാതൊരുവിധ പരിക്കുകളുമില്ലാതെ കുഞ്ഞിന്‍റെ വിരല്‍ തട്ടില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.

