സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ സംഘം. ഉമാ തോമസ് പുതുവത്സരാശംസകൾ നേർന്നുവെന്ന് കൊച്ചി റെനൈ മെഡിസിറ്റിയിലെ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനിലയിൽ ഇന്നലത്തേക്കാൾ നേരിയ പുരോഗതിയുണ്ടെന്നും വെന്റിലേറ്റർ പിന്തുണ കുറച്ചുവരുന്നതായും ഡോക്ടർ പറഞ്ഞു . തലച്ചോറിന്റെ കാര്യത്തിൽ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ പരിക്കും മെച്ചപ്പെട്ടിട്ടുണ്ട് . ഉമാ തോമസ് ശരീരം ചലിപ്പിച്ചതായി എംഎൽഎയുടെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.
വേദനയുണ്ടെന്ന് ഉമാ തോമസ് അറിയിച്ചതായി ഡോക്ടർ പറഞ്ഞു. മരുന്നുകൊണ്ട് ഒരുപരിധിവരെ വേദന കുറയ്ക്കാനാകും. വേദനകാരണം ശ്വാസം പൂർണമായും എടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. കഴിയുന്നതും വേഗം വെന്റിലേറ്ററിൽനിന്ന് മാറ്റാനാണ് എല്ലാവരുടെയും ആഗ്രഹം. ആരോഗ്യസ്ഥിതി വിലയിരുത്താനായി ചൊവ്വാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. സർക്കാർ നിയോഗിച്ച ഡോക്ടർമാരും റെനൈ ആശുപത്രിയിലെ ഡോക്ടർമാരുമാണ് യോഗം ചേർന്നത്. ആശുപത്രിയിലെ ചികിത്സയിൽ സർക്കാർ നിയോഗിച്ച സംഘം തൃപ്തരാണെന്നും ഡോക്ടർ അറിയിച്ചു. ഉമാ തോമസ് ഇന്നും കൈകൾ നന്നായി പിടിക്കുകയും കൈകാലുകൾ നന്നായി ഉയർത്തുകയും ചെയ്തു. മക്കളെയും ഡോക്ടർമാരെയും ഇന്നും തിരിച്ചറിഞ്ഞു. അപകടം സംബന്ധിച്ചും എംഎൽഎയ്ക്ക് ഓർമയുണ്ടെന്നും ഡോക്ടർ അറിയിച്ചു.