Site iconSite icon Janayugom Online

ചലച്ചിത്ര പ്രവർത്തകർക്കെതിരായ സഹപ്രവർത്തകരുടെ പീഡനം ; ഇതുവരെ ലഭിച്ചത് 20 പരാതികൾ

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് ചലച്ചിത്ര പ്രവർത്തകർക്കെതിരായ പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പരാതികൾ . ഇതിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്‌തു . സഹപ്രവർത്തകർക്കെതിരായാണ് മുഴുവൻ പരാതിയും . ഡിജിപിക്കും അന്വേക്ഷണ സംഘം മുൻപാകെയും വിവിധ പൊലീസ് സ്റ്റേഷനുകൾ വഴിയുമാണ് പരാതികൾ നൽകിയിരിക്കുന്നത് . നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. യുവ നടി രേവതി സമ്പത്തിന്റെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ബലാത്സംഗം , ഭീക്ഷണിപെടുത്താൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് . നടി പ്രായപൂർത്തിയാകാത്ത സമയത്താണ് പീഡനം നടന്നതെങ്കിലും പോക്‌സോ കേസ് ചുമത്തിയിട്ടില്ല . അന്വേക്ഷണ ഉദ്യോഗസ്ഥർക്ക് നടി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും . ഇതിനെ തുടർന്ന് സിദ്ദിക്ക് മുൻ‌കൂർ ജാമ്യത്തിന് ശ്രമം തുടങ്ങി . 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചശേഷം മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയാണ് ആദ്യം പരാതി നൽകിയത് . പിന്നാലെ നടന്‍ മുകേഷിനെതിരെ നടി മിനു മുനീർ പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍തന്നെ നടന്‍ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഇ മെയില്‍ വഴി പരാതി കൈമാറി. നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച ജൂനിയര്‍ നടിയും അന്വേഷണസംഘത്തിന് ഈ മെയില്‍വഴി പരാതി കൈമാറിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിക്കും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചിരുന്നു . കൂടാതെ ഭാരവാഹികളിൽ പലരും ആരോപങ്ങളിൽ കുടുങ്ങിയതോടെ എ എം എം എ എക്സിക്യൂട്ടീവ് കമ്മറ്റി പിരിച്ചുവിട്ടു .

Exit mobile version