Site iconSite icon Janayugom Online

ഭൂപതിവ് ഭേദഗതി നിയമം ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പ് വെയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 10,000 പേർ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ച് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാളയത്ത് കേന്ദ്രീകരിച്ച് രാജ്ഭവനിലേയ്ക്ക് മാർച്ച് ചെയ്യും. മാർച്ചിനോട് അനുബന്ധമായി ചേരുന്ന പൊതു സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സിപിഐ (എം) ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ്, വാഴൂർ സോമൻ എംഎൽഎ, വിവിധ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മാര്‍ച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇടുക്കിയിലെ 52 പഞ്ചായത്ത്, രണ്ട് മുൻസിപ്പൽ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങളും സമ്മേളനങ്ങളും നടന്നിരുന്നു.

രാജ്ഭവൻ മാർച്ചിനിടെ ഗവർണർ തൊടുപുഴയിലെ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലുള്ള പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്നതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ എൽഡിഎഫ് ഹർത്താൽ ആചരിക്കും.

Eng­lish Sum­ma­ry: Harthal today in Idukki
You may also like this video

Exit mobile version