Site icon Janayugom Online

കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗം

പ്രചരണം ശക്തമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രചരണത്തിന് ആക്കംകൂട്ടി ബിജെപി നേതാക്കള്‍. ഭരണവിരുദ്ധ വികാരം, വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ എന്നിവ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപി ഇത്തരം പ്രചരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഉന്നത നേതാക്കളുള്‍പ്പെടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
കോണ്‍ഗ്രസ് ജയിച്ചാല്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ പതിവാകുമായിരുന്നുവെന്നായിരുന്നു ബെലഗാവിയില്‍ അമിത്ഷായുടെ പ്രസംഗം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിന് തുല്യമാണ് പ്രസംഗമെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ അമിത് ഷാക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മുസ്ലിം സംവരണം ആവശ്യമില്ലെന്നായിരുന്നു യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വാക്കുകള്‍. മതപരമായി വിഭജിക്കപ്പെട്ട രാജ്യത്ത് സംവരണം നല്കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ മറ്റൊരു പ്രസംഗം സംസ്ഥാനത്ത് മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്നായിരുന്നു. മുസ്ലിങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം അവസാനിപ്പിക്കുവാന്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മേയ് ഒമ്പതുവരെ നടപ്പിലാക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടെങ്കിലും സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ സംവരണം നിര്‍ത്തലാക്കുമെന്നായിരുന്നു ഷായുടെ പ്രസംഗം. ഈ നാലു ശതമാനം മറ്റ് സമുദായങ്ങള്‍ക്ക് ലഭിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസംഗം മതപ്രീണനത്തിന്റെ പരിധിയിലും ഉള്‍പ്പെടുന്നതായി.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ബിജെപി നേതാക്കളും സാമുദായിക ധ്രുവീകരണവും മതവിദ്വേഷവും വിഷയമാക്കിയുള്ള പ്രസംഗങ്ങളാണ് നടത്തുന്നത്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര എന്നിവര്‍ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അമിത് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്താവന പ്രകോപനപരവും ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നാണ് പരാതി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായി നടത്തിയ വിഷപ്പാമ്പ് പ്രയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പ് പറഞ്ഞു.
പ്രധാനമന്ത്രി മോഡി ഒരു വിഷപ്പാമ്പിനെ പോലെയാണ് എന്നായിരുന്നു കലബുര്‍ഗിയില്‍ നടന്ന യോഗത്തില്‍ ഖാര്‍ഗെയുടെ പ്രസ്താവന.

You may also like this video

Exit mobile version