Site iconSite icon Janayugom Online

വിദ്വേഷ പരാമര്‍ശം ഹൈക്കോടതി ജഡ്ജി നേരിട്ട് ഹാജരാകണം

വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ നാളെ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. വിദ്വേഷ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാർ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു.

ഏകീകൃത സിവിൽ കോഡിന് അനുകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് ജഡ്ജി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ഭൂരിപക്ഷ ഹിതം അനുസരിച്ച് രാജ്യം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് യാദവിന്റെ പ്രസംഗം. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

പൊതുസ്ഥലത്ത് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് യാദവ് ജഡ്ജി എന്ന നിലയില്‍ പരിധി മറികടന്നെന്നും, അത് ഗുരുതരമായ ലംഘനമാണെന്നും സിപിഐ എംപിമാരായ പി സന്തോഷ‌് കുമാര്‍, പി പി സുനീര്‍ തുടങ്ങി 55 രാജ്യസഭാംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ആരോപിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചത് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് യാദവിന്റെ വിവാദ പ്രസംഗത്തില്‍ സുപ്രീംകോടതി നേരത്തെ അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതലകളില്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി. പ്രധാന കേസുകൾ കേൾക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെയും വിധി പ്രസ്താവനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുമ്പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 

Exit mobile version