പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം വാങ്ങിയ സംഭവത്തിൽ ബിജെപി നേതാവ് എം എൻ രാധാകൃഷ്ണനെതിരെ വീണ്ടും കേസ്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. രാധാകൃഷ്ണൻ പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി. രാധാകൃഷ്‌ണനെ കൂടാതെ ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയും തൃക്കാക്കര പൊലീസ് കേസെടുത്തു.
പാതിവില തട്ടിപ്പ് കേസിൽ രാധാകൃഷ്‌ണൻ ചെയർമാനായ ‘സൈൻ’ ഓഫീസിനുമുന്നിൽ തട്ടിപ്പിന് ഇരയായവർ മുൻപ് പ്രതിഷേധിച്ചിരുന്നു. രാധാകൃഷ്ണന് പണം നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിക്കാത്ത 16 പേരാണ് പ്രതിഷേധിച്ചത്. പണം തിരികെ ചോദിക്കുമ്പോൾ ചെക്ക് നൽകുകയും, അത് മടങ്ങുന്നതും പതിവായതോടെയായിരുന്നു ഇരകളുടെ പ്രതിഷേധം. ലാപ്‌ടോപ്, ഇരുചക്രവാഹനം എന്നിവ പാതിവിലയ്‌ക്ക് നൽകുമെന്ന വാഗ്‌ദാനം വിശ്വസിച്ച് 20,000 മുതൽ 65,000 രൂപവരെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ നൽകിയത്.

