Site iconSite icon Janayugom Online

ചികിത്സാ ചെലവ് കുതിക്കുന്നു

രാജ്യത്ത് ആരോഗ്യചികിത്സാ ചെലവുകള്‍ കുറയ്ക്കണമെന്ന ആവശ്യം പരിഹാരമില്ലാതെ തുടരുന്നു. പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ കിടക്ക ഒന്നിന് പ്രതിദിനം അരലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് രാജ്യവ്യാപകമായി ഏകീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ആരോഗ്യ മേഖലയിലെ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഏഷ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 14 ശതമാനമാണ് പണപ്പെരുപ്പമെന്ന് ഇൻഷുറൻസ് മേഖലയിലെ സാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നായ പ്ലം പുറത്തിറക്കിയ ‘ഹെല്‍ത്ത് റിപ്പോര്‍ട്ട് ഓഫ് കോര്‍പറേറ്റ് ഇന്ത്യ 2023’ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ മേഖലയില്‍ പണപ്പെരുപ്പം ഉയരുന്നത് തൊഴിലാളികള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഒമ്പത് കോടി പേരെ ആരോഗ്യ ചെലവുകള്‍ ഉയരുന്നത് ബാധിക്കുന്നതായും വരുമാനത്തിന്റെ 10 ശതമാനം അവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2012ലെ ക്ലിനിക്കില്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കി ചികിത്സാനിരക്കിലെ ഭീമമായ വ്യത്യാസം ഒഴിവാക്കണമെന്നായിരുന്നു  സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനമിറക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കൊണ്ടുവന്നെങ്കിലും ചികിത്സാ നിരക്കുകള്‍ ഒരു സംസ്ഥാനവും ഏകീകരിച്ചിട്ടില്ല.
നിരക്ക് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെങ്കിലും ചികിത്സച്ചെലവുകള്‍ പരസ്യപ്പെടുത്തണം, ചികിത്സച്ചെലവ് സംബന്ധിച്ച വിവരം രോഗിയോ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണം, അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമായാല്‍ ആശുപത്രിക്കെതിരെ നടപടി, നിയമലംഘനം കണ്ടെത്തിയാല്‍ അഞ്ചുലക്ഷം രൂപ വരെ പിഴ തുടങ്ങിയ നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്. സംസ്ഥാനങ്ങളുമായി രണ്ടാംഘട്ട ചര്‍ച്ചയ്ക്കും ആരോഗ്യമന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Eng­lish Sum­ma­ry: Health­care costs are increas­ing in the country
You may also like this video
Exit mobile version