Site iconSite icon Janayugom Online

ഉഷ്ണതാപം കുട്ടികളുടെ ഒന്നര വര്‍ഷത്തെ വിദ്യാഭ്യാസം ഇല്ലാതാക്കുന്നു

ഉഷ്ണതാപം കുട്ടികളുടെ ഒന്നരവര്‍ഷത്തെ വിദ്യാഭ്യാസം ഇല്ലാതാക്കുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം വിദ്യാഭ്യാസ മേഖലയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയാകുന്നത് അടുത്ത കാലത്ത് കൈവരിച്ച വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് ഭീഷണിയാകുമെന്നും യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ് (ജിഇഎം) ടീമും കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസ്‌കാച്ചെവാനും ചേർന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉഷ്ണതാപം, കാട്ടുതീ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച, രോഗങ്ങൾ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ കാലാവസ്ഥാ സംബന്ധമായ സമ്മർദങ്ങൾ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇത് പഠനനഷ്ടത്തിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനും കാരണമാകുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ കുറഞ്ഞത് 75 ശതമാനം തീവ്ര കാലാവസ്ഥാ സംഭവങ്ങളിലും സ്‌കൂളുകൾ അടച്ചിട്ടിരുന്നുവെന്നും ഇത് അഞ്ച് ദശലക്ഷമോ അതിൽ കൂടുതലോ ആളുകളെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയിലാണ് ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികള്‍ ഏറ്റവും കൂടുതലായുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 വരെയുള്ള വിവരങ്ങളനുസരിച്ച് 33 രാജ്യങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. 

Exit mobile version