Site iconSite icon Janayugom Online

കനത്ത മഴയില്‍ മുങ്ങി ഡല്‍ഹി: വിമാനത്താവളത്തിന്റെ മേല്‍ക്കുര തകര്‍ന്ന് ഒരാള്‍ മ രിച്ചു

കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനം. വെള്ളക്കെട്ടിലും ഗതാഗത കുരുക്കിലും വലഞ്ഞ് ജനം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡല്‍ഹി വിനാമത്താവളത്തിന്റെ മേല്‍ക്കൂരയിലെ ഇരുമ്പ് ഗര്‍ഡറുകള്‍ കടപുഴകി വാഹനങ്ങള്‍ക്ക് മുകളില്‍ പതിച്ചാണ് ഒരാള്‍ മരിച്ചത് . അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് വിമാനത്താവളം സന്ദര്‍ശിച്ച് കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി. ഇതോടെ ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള വ്യോമഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തി.

വസന്ത് വിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ താമസിച്ചിരുന്ന ടെന്റിലേക്ക് പതിച്ചതോടെ തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള നടപടികളും വേഗത്തില്‍ സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ മുതല്‍ രാവിലെ വരെ 228 മില്ലീമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 1936 ശേഷം 24 മണിക്കൂറിനുള്ളില്‍ പെയ്ത മഴയുടെ തോത് ചരിത്രത്തില്‍ തന്നെ രണ്ടാമത്തേതെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. 1936 ല്‍ 235.5 എംഎം മഴ പെയ്തിരുന്നു. ജൂണില്‍ സാധാരണയായി 86.6 എം എം മഴവരെയാണ് ഡല്‍ഹിയില്‍ പെയ്യാറുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നു.

കനത്ത മഴ പെയ്തിറങ്ങിയതോടെ നഗരത്തിലെ പല റോഡുകളിലും വെള്ളം നിറഞ്ഞു.  കോണാട്ട് പ്ലേസില്‍ നിന്നും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞതോടെ കാറുകള്‍ ഒഴുകി നടക്കുന്ന അവസ്ഥയിലായിരുന്നു. റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കനത്ത മഴയെ നേരിടാനുള്ള ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവംകൂടി വ്യക്തമാക്കുന്നതായിരുന്നു ഗതാഗത കുരുക്ക്.

 

Eng­lish sum­ma­ry : Heavy rain drowned Del­hi: One per­son di ed after the roof of the air­port collapsed

 

You may also like this video

Exit mobile version