സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാതലത്തില്‍ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
12 ജില്ലകളിൽ ഓറഞ്ച് അലർട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ്.
അതേസമയം സംസ്ഥാനത്ത് മഴ കനത്തതോടെ നദികളിൽ ജലനിരപ്പ് ഉയർന്നു. പമ്പ, മണിമല, അച്ചൻകോവിൽ, കക്കാട് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും, ജനങ്ങൾ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,377 അടിയായി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. ശക്തമായ മഴയിൽ പുഴകളും തോടുകളും നിറയുന്നതിനാൽ തീരത്തുള്ളവർ ആശങ്കയിലാണ്.
പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള, മൂഴിയാർ ഡാമിലുമാണ് റെഡ് അലർട്ട്. ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലേർട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു.
English summary;Heavy rain warning; Red alert in eight districts
You may also like this video;