Site iconSite icon Janayugom Online

മൂന്നാം ദിവസവും അതിശക്തമായ മഴ; മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

തുടർച്ചയായി മൂന്നാം ദിവസവും ശക്തമായ മഴ തുടരുന്നതിനാൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. 

അതിശക്തമായ മഴ ദൃശ്യപരതയെ ബാധിക്കുന്നതിനാൽ വാഹന ഗതാഗതം മന്ദഗതിയിലായതായി ആളുകൾ പറഞ്ഞു. 

കനത്ത മഴയെത്തുടർന്ന് പല പ്രദേശങ്ങളിലെയും റോഡുകൾ വെള്ളത്തിനടിയിലായി. അന്ധേരി സബ് വേ, ലോഖണ്ഡ് വാല സബ് വേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ലോക്കൽ ട്രയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് ഓടുന്നതെന്ന് ഉദ്യോഗസ്ഥരും യാത്രക്കാരും പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്കാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയ്ക്ക് ശേഷം ഇന്ന് രാവിലെ 9 മുതൽ വീണ്ടും മഴയുടെ തീവ്രത വർധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ദ്വീപ് നഗരം, കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ ഒരു മണിക്കൂറിനുള്ളിൽ യഥാക്രമം 37 മില്ലിമീറ്റർ, 39 മില്ലിമീറ്റർ, 29 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തുന്നത്.

ഒരു മണിക്കൂറിനുള്ളിൽ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ ചെമ്പൂരിൽ 65 മില്ലിമീറ്റർ മഴയും ശിവാജി നഗറിൽ 50 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version