ഇന്നലെ രാത്രി മുതൽ കുമളിയിൽ കനത്ത മഴ തുടരുന്നു. കനത്തമഴയ്ക്കിടെ റോഡിലേക്ക് വീണ മണ്‍കൂനയില്‍ സ്കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.
കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണ് വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.

