Site iconSite icon Janayugom Online

ഗുജറാത്തിൽ കനത്ത മഴ;നൂറ് കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ഗുജറാത്തിലെ വല്‍സദ്,നവ്‌സരി ജില്ലകളിലെ നൂറ് കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 48 മണിക്കൂറായി തുടരെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ അത് ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ കണക്കുകള്‍ പ്രകാരം വല്‍സദ് ജില്ലയിലെ വാപി താലൂക്കില്‍ ഇന്ന് രാവിലെ 6 മണി വരെയുള്ള 24 മണിക്കൂറില്‍ 326 മില്ലിമീറ്റര്‍ മഴ ലഭിച്ചു.ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.അതേസമയം നവ്‌സാരിയിലെ ഖേര്‍ഗാമില്‍ രാവിലെ 6 മണി മുതല്‍ 248 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

സൂററ്റ്,താപി,നര്‍മദ പോലുളള ജില്ലകളെയും കനത്ത മഴ സാരമായി ബാധിച്ചതായി അധികൃതര്‍ പറയുന്നു

ശക്തമായ മഴയെത്തുടര്‍ന്ന് വല്‍സാദിലെ 600ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടര്‍ന്ന് ബിലിമോറ ജില്ലയിലെ 17 ആളുകളെ മാറ്റി പാര്‍പ്പിച്ചു.പൂര്‍ണ,കാവേരി നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടോയെന്ന് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും നവ്‌സാരിയിലെ എകസിക്യൂട്ടിവ് മജിസ്‌ട്രേറ്റ് എ.എം.ഗമിത് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കളക്ടര്‍മാരുമായി സംസാരിക്കുകയും മാറ്റിപാര്‍പ്പിക്കുന്നത് ഉള്‍പ്പടെ ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.കന്നുകാലികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version