Site iconSite icon Janayugom Online

കൊച്ചി മെട്രോയിലും കെഎസ്ആർടിസി ബസ്സുകളിലും വൻതിരക്ക്; സ്വകാര്യ ബസ് പണിമുടക്കിൽ
ജനം വലഞ്ഞു

സ്വകാര്യ ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കുമൂലം സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. പതിവായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ വലഞ്ഞു. കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തിയതും ഓട്ടോ, ടാക്സി എന്നിവ ഓടിയതും യാത്രക്കാർക്ക് ആശ്വാസമായി. സ്വകാര്യ ബസ് പണിമുടക്ക് കൊച്ചി മെട്രോക്ക് നേട്ടമായി. രാവിലെ മുതൽ മെട്രോയിൽ പതിവിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് തുണയായത് മെട്രോയാണ്. ഗതാഗത തിരക്കും മഴയും കാരണം യാത്രക്കാർ നിലവിൽ കൂടുതലും മെട്രോയെയാണ് ആശ്രയിക്കുന്നത്. രാവിലെ പത്തു വരെയും വൈകിട്ട് നാലുമുതൽ ഏഴുവരെയുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്‍തത്. ഫീഡർ ബസ് സൗകര്യവും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം സൗത്ത്, നോർത്ത്, ഇടപ്പള്ളി, കളമശ്ശേരി, ആലുവ എന്നിവിടങ്ങളിലാണ് കൂടുതലും തിരക്ക് അനുഭവപ്പെട്ടത്. ട്രെയിനിൽ എത്തിയ യാത്രക്കാരും പ്രധാനമായും ആശ്രയിച്ചത് മെട്രോ സർവീസിനെയാണ്. പ്രധാന സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാനും ട്രെയിനുകളിൽ പ്രവേശിക്കാനും യാത്രക്കാരുടെ നീണ്ട നിരയാണ് കാണാനായത്. പ്രതിദിനം ഒരു ലക്ഷത്തിലേറെ പേരാണ് മെട്രോയിൽ സഞ്ചരിക്കുന്നത്. വാട്ടർ മെട്രോയിലും ബോട്ടുകളിലും പതിവിലും തിരക്ക് അനുഭവപ്പെട്ടു.

കെ എസ് ആർ ടി സി ബസിലും തിരക്കായിരുന്നു. എങ്കിലും മെട്രോ സ്റ്റേഷനുകൾക്ക് മുന്നിൽ യാത്രക്കാർക്കായി നിർത്തിയാണ് ബസുകൾ പലതും സർവീസ് നടത്തിയത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി. മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ സംസ്ഥാനത്ത് പണിമുടക്ക് നടത്തിയത്.
സ്വകാര്യ ബസ് പണിമുടക്ക് മൂലം സ്വകാര്യ വാഹനങ്ങൾ കൂടുതൽ നഗരത്തിലേക്ക് എത്തിയതിനാൽ പതിവിലധികം ഗതാഗത തിരക്കും അനുഭവപ്പെട്ടു.
വൈറ്റിലയിൽ നിന്ന് കോട്ടയത്തേക്കും, വൈറ്റില‑പറവൂർ റൂട്ടിലും, വൈപ്പിൻ വഴി ഗോശ്രീ വരെയും കെഎസ്ആർടിസി അധിക സർവീസ് നടത്തി. ആലുവ, കോതമംഗലം, പിറവം, വൈക്കം റൂട്ടുകളിലും കൂടുതൽ സർവ്വീസുകൾ ക്രമീകരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നടത്തുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് ഇന്നും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. 

Exit mobile version