Site iconSite icon Janayugom Online

മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ വൻ ഗതാഗതക്കുരുക്ക്; 500 വിദ്യാർത്ഥികൾ 12 മണിക്കൂറോളം കുടുങ്ങിക്കിടന്നു

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ ഉണ്ടായ വൻ ഗതാഗതക്കുരുക്കിൽ 500 ലധികം വിദ്യാർത്ഥികളും യാത്രക്കാരും ഏകദേശം 12 മണിക്കൂറോളം കുടുങ്ങിയതായി അധികൃതർ അറിയിച്ചു. 

ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ ബുധനാഴ്ച പുലർച്ചെ വരെ നീണ്ട് നിന്ന ഗതാഗതക്കുരുക്കില്‍ വിവിധ സ്കൂളുകളിലെ 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയും അയൽവാസികളായ താനെ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ചില കോളേജ് വിദ്യാർത്ഥികളെയും വഹിച്ചുകൊണ്ടുള്ള 12 ബസുകൾ കുടുങ്ങിപ്പോയതായി അവർ പറഞ്ഞു. 

വിരാറിനടുത്തുള്ള ഒരു സ്കൂൾ പിക്നിക്കിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടികൾക്ക് മണിക്കൂറുകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയേണ്ടിവന്നു.

ഗതാഗതക്കുരുക്ക് ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വസായ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) പൂർണിമ ചൗഗുലെ-ശ്രിംഗി പറഞ്ഞു.

ഒരു പ്രാദേശിക സാമൂഹിക സംഘടനയിലെ അംഗങ്ങൾ സ്ഥലത്തെത്തി ഒറ്റപ്പെട്ട കുട്ടികൾക്ക് വെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്തു, തിരക്കേറിയ പാതകളിലൂടെ ബസുകൾ ഓടിക്കാൻ ഡ്രൈവർമാരെ സഹായിച്ചു.

താനെയിലെ ഘോഡ്ബന്ദർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഇത് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ അമിത ഗതാഗതക്കുരുക്കിന് കാരണമായി. 

വിദ്യാർത്ഥികളെ വഹിച്ചുകൊണ്ടിരുന്ന ചില ബസുകൾ വഴിമാറി സഞ്ചരിച്ചു, മറ്റു ചിലത് ഗതാഗതക്കുരുക്കിലൂടെ പതുക്കെ മുന്നോട്ട് നീങ്ങി. കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ബസും ബുധനാഴ്ച രാവിലെ 6 മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

Exit mobile version