Site iconSite icon Janayugom Online

ഹൈടെക് കോപ്പിയടി: വിഎസ്എസ്‌സി പരീക്ഷ റദ്ദാക്കി; പിന്നില്‍ വന്‍ ആള്‍മാറാട്ടം: അഞ്ചുപേര്‍ അറസ്റ്റില്‍

copycopy

വിഎസ്എസ്‌സി പരീക്ഷയിൽ വൻ കോപ്പിയടി പിടികൂടിയതോടെ കഴിഞ്ഞ ദിവസം നടന്ന പരീക്ഷകൾ വിഎസ്എസ്‌സി റദ്ദാക്കി. ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ എ പരീക്ഷകളാണ് റദ്ദാക്കിയത്. പുതിയ പരീക്ഷ തീയതി ഉടൻ വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് വിഎസ്എസ്‌സി അറിയിച്ചു. വിഎസ്എസ്‌സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിക്ക് പിന്നിൽ നടന്നത് വൻ ആൾമാറാട്ടമാണ്. ഹരിയാന സ്വദേശികളായ അഞ്ചുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഹൈടെക് കോപ്പിയടിക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. 

കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവരെ കൂടാതെ ഹരിയാന ജിണ്ട് സ്വദേശികളായ സോനു, ജഗദീപ്, അമിത് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഒരാൾ കസ്റ്റഡിയിലുമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് പിടിച്ച രണ്ടുപേർ ആൾമാറാട്ടം നടത്തിയതായും വ്യക്തമായി. ഞായറാഴ്ച അറസ്റ്റിലായപ്പോൾ സുമിത്(25) സുനിൽ(25) എന്നീ പേരുകളാണ് പ്രതികൾ കൈമാറിയത്. വിശദമായി ചോദ്യം ചെയ്തോടെ ഇത് അപേക്ഷകരുടെ പേരാണെന്നും പിടിയിലായത് മനോജ്കുമാർ, ഗൗതം ചൗഹാൻ എന്നിവരാണെന്നും തെളിഞ്ഞു. ഗൗതം ചൗഹാന്റെ സഹായിയെന്ന് സംശയിച്ചാണ് അമിതിനെ മ്യൂസിയം പൊലീസ് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ മറ്റൊരു കേന്ദ്രത്തിൽ ആളുമാറി പരീക്ഷയെഴുതിയെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കന്റോൺമെന്റ് പൊലീസിന് കൈമാറി. പിടിയിലായവരാരും യഥാർഥ പ്രതികളല്ല. ആളുമാറി പരീക്ഷയെഴുതിയവരാണ് എല്ലാവരും. യഥാർഥ അപേക്ഷകരുടെ അറിവോടെയാണ് ഇവർ പരീക്ഷയ്ക്കെത്തിയത്. വൻ തുക പ്രതിഫലം വാങ്ങിയാണ് വ്യാജ പേരിൽ പരീക്ഷയെഴുതിയത്. 

തിരുവനന്തപുരത്തെ പത്ത് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയ്ക്ക് ഹരിയാനയിൽ നിന്ന് മാത്രം 489 അപേക്ഷകരുണ്ടായിരുന്നു. ഇതിൽ 80 ആളുകളുടെ പേരിൽ പരീക്ഷയെഴുതിയിട്ടുണ്ട്. ഇവരിൽ എത്രപേർ യഥാർത്ഥ അപേക്ഷകരാണെന്ന് വ്യക്തമല്ല. മുഴുവൻ അപേക്ഷകരെയും ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂ. കൂടുതലാളുകൾ കോപ്പിയടിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ചെന്നൈയില്‍ ഡിഫൻസ് സർവീസ് സി ഗ്രൂപ്പ് പരീക്ഷയിൽ കോപ്പിയടിച്ച 29 ഹരിയാനക്കാർ പിടിയിലായിരുന്നു. ഇതിന് സമാനമായ കോപ്പിയടിയാണ് വിഎസ്എസ്‌സിയിലും നടന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
കോപ്പിയടി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൈബർ സെൽ ഡിവൈഎസ്‌പി കരുണാകരന്റെ നേതൃത്വത്തിൽ മ്യൂസിയം, മെഡിക്കൽകോളജ്, കന്റോൺമെന്റ്, സൈബർസെൽ സിഐമാരാണ് സംഘത്തിലുള്ളത്. വൈകാതെ അന്വേഷണ സംഘം ഹരിയാനയിലേക്ക് പോകും. 

Eng­lish Sum­ma­ry: Hi-tech pla­gia­rism: VSSC exam can­celled; Mas­sive imper­son­ation behind: Five arrested

You may also like this video

Exit mobile version