Site iconSite icon Janayugom Online

വികടന്റെ വിലക്ക് നീക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

തമിഴ് മാസികയായ ആനന്ദവികടന്റെ വിലക്ക് നീക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി . വികടന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചുള്ള കാര്‍ട്ടൂണ്‍ മാസികയില്‍ നിന്നും താല്കാലികമായി നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. 

മോഡിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഫെബ്രുവരി 26നാണ് വികടന്റെ വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. കേന്ദ്രമന്ത്രി എല്‍ മുരുഗന്റെ പരാതിയിലായിരുന്നു നടപടി. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോഡി ഇരിക്കുന്നതായിരുന്നു ചിത്രം. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തലില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര നടപടിയെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍.

തുടര്‍ന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇത്തരം കാര്‍ട്ടൂണുകള്‍ ഇന്ത്യയുടെ പരമാധികാരത്തെയും അമേരിക്കയുമായുള്ള സൗഹൃദ ബന്ധത്തെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
കാർട്ടൂൺ നീക്കിയതിന് ശേഷം വാരിക കേന്ദ്രത്തെ അറിയിക്കണം. അതിന് ശേഷം മാത്രമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി. കാർട്ടൂൺ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും. അതിൽ തീരുമാനമാകും വരെ ഇടക്കാല ഉത്തരവ് നിലനിൽക്കും. കാർട്ടൂൺ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതായി തോന്നുന്നില്ലെന്നും കോടതി പരാമർശം നടത്തി. മാർച്ച് 21ന് വീണ്ടും കേസ് പരിഗണിക്കും. 

Exit mobile version