Site iconSite icon Janayugom Online

ശബരിമലയില്‍ മരണമുണ്ടായാല്‍ മൃതദേഹം താഴെയെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ മരണങ്ങളുണ്ടായാല്‍ മൃതദേഹം താഴയെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. മൃതദേഹങ്ങള്‍ സ്ട്രച്ചറില്‍ ഇറക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇവിടെ ഓരോ സീസണിലും മണ്ഡല മകരവിളക്കുകാലത്ത് 150-ഓളം പേര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

നാല്‍പ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകാറുമുണ്ട്. എന്നാൽ, മൃതദേഹങ്ങള്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രികയിൽനിന്ന് സ്‌ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കുകയാണ് ചെയ്യാറുള്ളത്. ഇനിമുതൽ അങ്ങനെ ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അസുഖബാധിതരായവരെ താഴെ ഇറക്കാന്‍ നേരത്തേതന്നെ ആംബുലന്‍സ് സംവിധാനമുണ്ട്. ഈ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്ന് താഴെയിറക്കരുതെന്നുമാണ് കോടതി നിര്‍ദേശം. ശബരിമലയിലേക്ക് തീര്‍ഥാടകര്‍ മുകളിലേക്ക് കയറുമ്പോള്‍ അതിന് തൊട്ടടുത്തുകൂടി മൃതദേഹങ്ങള്‍ താഴെയിറക്കുന്നത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

Exit mobile version