Site iconSite icon Janayugom Online

കൊവിഷീല്‍ഡ് : ഇടവേള 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Kerala High courtKerala High court

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. കൊവിഷീല്‍ഡിന്റെ ഇടവേള 84 ദിവസം തന്നെയായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

താത്പര്യമുള്ളവര്‍ക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. കൊവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്‌സിന് ഇളവ് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്‌സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദേശത്തു പോവുന്നവര്‍ക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്നും സര്‍ക്കാര്‍ വിശദികരിച്ചു.

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ ചിലവില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹര്‍ജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
eng­lish summary;high court quashed the order reduc­ing the inter­val to 28 days of covid­shield vaccine
you may also like this video;

Exit mobile version