സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളിൽ ഹൈക്കോടതിക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.
സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മിഷണറും നൽകിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി കേസ് തീർപ്പാക്കിയത്.
ഭക്ഷ്യവിഷബാധയൊഴിവാക്കാൻ സർക്കാർ നേരത്തെ തന്നെ ഇടപെടലുകൾ നടത്തിയിരുന്നു. ഷവർമ മാർഗനിർദേശം പുറപ്പെടുവിക്കുകയും നടപ്പിലാക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. ഇവ ലംഘിക്കുന്നുണ്ടോയെന്നറിയാൻ പരിശോധനകൾ ശക്തമാക്കിയിരുന്നു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഭക്ഷ്യവിഷബാധയേറ്റ് മരണം ഉണ്ടായപ്പോൾ തന്നെ അടിയന്തര ഇടപെടൽ നടത്തി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് യോഗം ചേർന്ന് പരിശോധനകൾ ശക്തമാക്കാൻ നിർദേശം നൽകി. ഭക്ഷണ സ്ഥാപനങ്ങളിലെ എല്ലാവർക്കും ഫോസ്റ്റാക് ട്രെയിനിങ് കർശനമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തി. സമ്പൂർണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതി ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിങ്, തെരുവ് കച്ചവടക്കാർ തുടങ്ങിയവരുടെ സംഘടനാ പ്രതിനിധികളുടെ യോഗവും വിളിച്ചു ചേർത്തു. സംസ്ഥാന തലത്തിൽ അപ്രതീക്ഷിത പരിശോധനകൾക്കായി പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. ഭക്ഷണ പാഴ്സലിൽ തീയതിയും സമയവും നിർബന്ധമാക്കി.
പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. എല്ലാ ജിവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഭക്ഷ്യ സ്ഥാപനങ്ങളിൽ ഹൈജീൻ റേറ്റിങ് നടപ്പിലാക്കി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയവും അപ്രതീക്ഷിതവുമായ പരിശോധനകൾ നടത്തി നടപടി സ്വീകരിച്ചു വരുന്നു. ഇവയെല്ലാം വിലയിരുത്തിയാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്.
English Summary: High Court satisfied with Food Safety Department’s actions
You may also like this video