ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് വേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യ കമ്പനിയുടെ വെബ്സൈറ്റിലെ പരസ്യം പിൻവലിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഒരാള്‍ക്ക് 45,000 രൂപ നിരക്കില്‍ ഹെലികോപ്റ്റർ സർവീസുൾപ്പെടെ ശബരിമല ദർശനം ഉണ്ടാകുമെന്നായിരുന്നു ഹെലികേരള കമ്പനി പരസ്യം നൽകിയിരുന്നത്.
ആരാണ് ഇത്തരത്തിൽ പരസ്യം ചെയ്യാൻ അനുവാദം നൽകിയതെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഹെലികേരള കമ്പനിയോട് ചോദിച്ചു. ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുന്നില്ലെന്ന് ഭക്തരെ അറിയിക്കണമെന്ന് പറഞ്ഞ കോടതി സംഭവം അറിഞ്ഞതിനു ശേഷം നടപടി എടുത്തിരുന്നില്ലേ എന്നും ദേവസ്വം ബോർഡിനോട് ചോദിച്ചു
ശബരിമല ഉൾപ്പെടുന്ന പ്രദേശം പ്രത്യേക സുരക്ഷാ മേഖലയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹെലികോപ്റ്റർ പോലുളള സർവീസ് നടത്തുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അനധികൃത വാഹനങ്ങൾ പോലും കടത്തിവിടാതിരിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
വിഷയത്തിൽ കേന്ദ്ര ‑സംസ്ഥാന സർക്കാറുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവയുടെ വിശദീകരണം കോടതി തേടിയിരുന്നു. തങ്ങളുടെ അറിവോടെയല്ല ഹെലികോപ്റ്റർ സർവീസ് നടത്തുന്നതെന്ന് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. സംരക്ഷിത വന മേഖല ഉൾപ്പെടുന്നതായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ട വിഷയമാണിതെന്ന് ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു.
English Summary: High Court says no helicopter needed for Sabarimala darshan
You may also like this video