Site iconSite icon Janayugom Online

മോഡി പരാമര്‍ശം; രാഹുലിനെതിരെയുള്ള പട്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മോഡി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള പട്ന കോടതിയുടെ ഉത്തരവ് പട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്ന കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. നാളെയാണ് പട്ന കോടതി കേസ് പരിഗണിക്കുന്നത്. നാളെ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പട്ന കോടതിയുടെ ഉത്തരവ്.

ബിജെപി നേതാവ് സുശീൽ കുമാറാണ് 2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോഡി സമുദായത്തെ അപകീർത്തിപ്പെടുത്തന്നതാണെന്ന് ആരോപിച്ച് പട്നയിലെ എംപി, എംഎൽഎ, എംഎൽസി സ്പെഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ 18ന് ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് നാളെ അന്തിമവാദത്തിനും വിധി പറയാനുമായി പട്ന കോടതി കേസ് മാറ്റിവച്ചത്. പ്രതിസ്ഥാനത്തുള്ള രാഹുല്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ രാഹുല്‍ നല്‍കിയ റദ്ദാക്കല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി മേയ് 16 വരെ കീഴ്ക്കോടതിയുടെ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.

ഗുജറാത്ത് ബിജെപി എംഎൽഎ പൂർണേഷ് മോഡി നൽകിയ പരാതിയില്‍ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിധി വന്നയുടന്‍ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. സമാന സംഭവത്തില്‍ മറ്റൊരു കോടതി കൂടി കേസ് പരിഗണിക്കുന്നത് ഇരട്ട അപകടങ്ങളുണ്ടാക്കുമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്.

 

Eng­lish Sam­mury: ‘Modi-Theives’ remark, Pat­na High Court stayed the Pat­na court’s order against Rahul Gandhi

Exit mobile version