കുംഭമേളയ്ക്കിടെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. മനുഷ്യ വിസർജ്യത്തിലുള്ള ബാക്ടീരിയയാണ് കോളിഫോം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് നദിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയോടനുബന്ധിച്ച് ഗംഗാ നദിയിൽ പുണ്യ സ്നാനം നടത്തിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നദിയിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ വിവരം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ട്രൈബ്യൂണലിന് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ചു. എന്ത് നടപടിയെടുത്തു എന്ന് കാണിക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശം യുപി മലിനീകരണ നിയന്ത്രണ ബോർഡ് പാലിച്ചില്ലെന്നും ചില ജല പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കവറിംഗ് ലെറ്റർ മാത്രമാണ് നൽകിയതെന്നും ബഞ്ച് കുറ്റപ്പെടുത്തി.