Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ഉയര്‍ന്ന പോളിങ്

രാജ്യ തലസ്ഥാന നിയമസഭാ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഫലമറിയാന്‍ ഇനി രണ്ടു നാള്‍ കാത്തിരിപ്പ്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകുന്നേരം ആറിനാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാത്രി എട്ടു വരെ 59.21 ശതമാനമാണ് പോളിങ്.
ഏതാണ്ട് 1.56 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 72.36 ലക്ഷം വനിതാ വോട്ടര്‍മാരും 83.76 ലക്ഷം പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 70 അസംബ്ലി മണ്ഡലങ്ങളിലായി ആകെ 13,766 പോളിങ് സ്‌റ്റേഷനുകളും. ശൈത്യം ഇനിയും വിട്ടകലാത്ത ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ഉച്ചയോടെയാണ് വോട്ടു രേഖപ്പെടുത്താന്‍ എത്തിത്തുടങ്ങിയത്. രാവിലെ മന്ദഗതിയിലായിരുന്നു പോളിങ് മുന്നേറിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നെന്നും അതിനാല്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസിലെ 30,000 പൊലീസുകാരെയും 220 കമ്പനി അര്‍ധസൈനിക വിഭാഗത്തെയുമാണ് സുരക്ഷക്കായി വിന്യസിച്ചത്. എഎപിയും ബിജെപിയും നേര്‍ക്കുനേര്‍ മത്സരമായിരുന്നു ഡല്‍ഹിയില്‍ മിക്കയിടത്തും നടന്നത്. മൂന്നാമതായി കോണ്‍ഗ്രസും നിലയുറപ്പിച്ചതോടെ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങി. ഇടതുപക്ഷം 12 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്.
സൗജന്യങ്ങളുടെ വാഗ്ദാന പെരുമഴയാണ് മൂന്നു കക്ഷികളും വിജയത്തിനായി മുന്നോട്ടു വച്ചത്. 

മൂന്നാം വട്ട വിജയം ലക്ഷ്യമിട്ടാണ് എഎപി ഇക്കുറി നിലയുറപ്പിച്ചതെങ്കില്‍ 27 വര്‍ഷം മുമ്പ് നഷ്ടമായ ഡല്‍ഹി അധികാരം വീണ്ടെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപി നടത്തിയത്. ഉള്ളി വിലവര്‍ധന മൂലം മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മ്മയെ മാറ്റി പകരക്കാരിയായി സുഷമാ സ്വരാജിനെ ബിജെപി തല്‍സ്ഥാനത്ത് അവരോധിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതാണ് അധികാരത്തിലേക്ക് എത്തിയത്.
1998ല്‍ ബിജെപിക്ക് ഡല്‍ഹിയിലെ മേല്‍ക്കെെ നഷ്ടമായി. ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തി അരവിന്ദ് കെജ്‌രിവാള്‍ രണ്ടുവട്ടം അധികാരത്തിലെത്തി.
ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിപദം ഒഴിഞ്ഞ കെജ്‌രിവാള്‍ വിശ്വസ്തയായ അനുയായി അതിഷിയെ മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ചു. ഇവരെ മുന്നില്‍ നിര്‍ത്തിയായിരുന്നു എഎപി പോരാട്ടം. വോട്ടെണ്ണല്‍ ശനിയാഴ്ചയാണ് നടക്കുക. 

Exit mobile version